
തിരുവനന്തപുരം: ബി.ജെ.പിയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 11ന് തിരുവനന്തപുരത്ത് എത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തെ വികസനവും അപകട രാഷ്ട്രീയവുമാണ് ബി.ജെ.പി പ്രധാന പ്രചാരണ വിഷയമാക്കുന്നത്. 140 സീറ്റിലും എൻ.ഡി.എ മത്സരിക്കും. സ്ഥാനാർത്ഥികളുടെ ചുരുക്കപ്പട്ടിക ഈ മാസം കേന്ദ്ര നേതൃത്വത്തിന് കൈമാറുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
വികസിത കേരളമാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിനുള്ള പദ്ധതികൾ മുന്നോട്ടുവയ്ക്കും. അതോടൊപ്പം കേരളത്തിൽ സജീവമാകുന്ന അപകട രാഷ്ട്രീയവും ചർച്ചയാക്കും. യു.ഡി.എഫായാലും എൽ.ഡി.എഫായാലും ബി.ജെ.പിയെ തോൽപ്പിക്കാനായി ജമാ അത്തെ ഇസ്ലാമിയുമായും ലീഗുമായും കൂട്ടുകൂടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തോടെ, എൽ.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായി. ജനത്തിന് തിരഞ്ഞെടുക്കാൻ ഒരുഭാഗത്ത് എൻ.ഡി.എയും മറുഭാഗത്ത് ജമാ അത്തെ ഇസ്ലാമിയുമായും ലീഗുമായും കൂട്ടുകൂടുന്ന കോൺഗ്രസുമാണ്.
ഭരണഘടന അംഗീകരിക്കാത്ത ജമാ അത്തെ ഇസ്ലാമിയുമായി ലീഗും കോൺഗ്രസും സി.പി.എമ്മും സഖ്യത്തിലാണ്. ഇസ്ലാമിക രാഷ്ട്രം ആവശ്യപ്പെടുന്ന ജമാ അത്തെ ഇസ്ലാമി എൻ.ജി.ഒ അല്ല. ബംഗ്ലാദേശിൽ അവർ എന്താണ് ചെയ്തതെന്ന് എല്ലാവർക്കുമറിയാം. വസ്തുത പറയുമ്പോൾ വർഗീയവാദിയെന്ന് മുദ്ര കുത്തരുത്. തങ്ങളുടെ സമുദായത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം വേണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. മുൻ ഡി.ജി.പി ശ്രീലേഖ ബി.ജെ.പിയിലെ മുതിർന്ന നേതാവാണ്. അവർ പാർട്ടിയിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |