
തിരുവനന്തപുരം:പാരിസ്ഥിതിക വിഷയങ്ങളിൽ മാധവ് ഗാഡ്ഗിൽ ഉയർത്തിപ്പിടിച്ച നിലപാടുകൾ പരിസ്ഥിതി വാദത്തിലും പരിസ്ഥിതി പ്രസ്ഥാനങ്ങളിലും വലിയ സ്വാധീനം ചെലുത്തിയതായി മുഖ്യമന്ത്രി പിണറായിവിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യയിലെ പരിസ്ഥിതി പഠനശാസ്ത്ര ശാഖയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയായിരുന്നു. വിവിധ ഗവേഷണ പ്രവർത്തനങ്ങളിലൂടെയും അദ്ധ്യാപനത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹം ഇടപെടലുകൾ നടത്തി. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സംവാദങ്ങളിൽ മാധവ് ഗാഡ്ഗിലിന്റെ കാഴ്ചപ്പാടുകൾ വ്യത്യസ്ത തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ഗാഡ്ഗിലിന്റേത് കേരളമെങ്ങും അറിയപ്പെടുന്ന വ്യക്തിത്വം: ഗവർണർ
തിരുവനന്തപുരം: മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുശോചിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാധാന്യം നൽകിയ ഗാഡ്ഗിൽ കേരളമെങ്ങും അറിയപ്പെടുന്ന വ്യക്തിത്വവുമായിരുന്നു. കേരളത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇവിടത്തെ പ്രകൃതി സംരക്ഷണത്തിനും സന്തുലിതമായ ആവാസവ്യവസ്ഥ രൂപകല്പന ചെയ്യുന്നതിലും സംരക്ഷിക്കുന്നതിനും ഏറെ ഊന്നൽ നല്കിയിരുന്നെന്നും ഗവർണർ അനുസ്മരിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞൻ: സി.വി.ആനന്ദബോസ്
കൊൽക്കത്ത: പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് അനുശോചിച്ചു. പ്രകൃതിയെ കാർന്നുതിന്നുന്ന പ്രവണതകളിൽ നിന്നും പ്രതിലോമ ശക്തികളിൽ നിന്നും വരുംതലമുറകളെ രക്ഷിക്കാൻ ജീവിതം സമർപ്പിച്ച സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞനായിരുന്നു ഗാഡ്ഗിൽ എന്ന് ആനന്ദബോസ് അനുസ്മരിച്ചു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പഠനങ്ങളും പോരാട്ടങ്ങളും നിത്യപ്രസക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സംരക്ഷണത്തിന് ഉഴിഞ്ഞുവച്ച ജീവിതം: വി.ഡി.സതീശൻ
തിരുവനന്തപുരം:പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി പഠനത്തിനും ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ഡോ. മാധവ് ഗാഡ്ഗിൽ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പശ്ചിമഘട്ട പരിസ്ഥിതിയെ ഇത്രത്തോളം ആഴത്തിൽ പഠിച്ച വ്യക്തികൾ വിരളമാണ്.
വരും തലമുറകൾക്കായി രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടു. വിമർശനങ്ങളെ സമചിത്തതയോടെയും ശാസ്ത്രബോധത്തോടെയും നേരിട്ടു. സൗമ്യവും ദീപ്തവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ച അദ്ദേഹത്തിന് ആദരവോടെ പ്രണാമം.
ഗാഡ്ഗിലിനെ എന്നും കേരളം ഓർമ്മിക്കും: കെ.സുരേന്ദ്രൻ
കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ എല്ലാ കാലത്തും കേരളം ഓർമ്മിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിൽ എത്രയോ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. പ്രകൃതിയുടെ സംരക്ഷണംകൂടിയാണ് വികസനമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറക്കാൻ പാടില്ല. വയനാട് പോലെയുള്ള പ്രകൃതിലോല സ്ഥലത്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടാൻ ഗാഡ്ഗിൽ കാണിച്ച ജാഗ്രത മാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |