SignIn
Kerala Kaumudi Online
Saturday, 10 January 2026 8.35 AM IST

പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യൻ

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: മനുഷ്യൻ പ്രകൃതിക്ക് വിധേയനാകണമെന്ന തത്ത്വത്തിലൂന്നിയാണ് 2011ൽ മാധവ് ഗാഡ്‌ഗിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയുടെ സംരക്ഷണത്തിന് റിപ്പോർട്ട് തയ്യാറാക്കിയത്. പരിസ്ഥിതി ചൂഷണത്തിനു കുടപിടിക്കുന്നവരുടെ സമ്മർദ്ദങ്ങൾക്ക് ഭരണാധികാരികൾ വഴിപ്പെട്ടതിനാൽ റിപ്പോർട്ട് നടപ്പാക്കാനായില്ല. വയനാട് ഉരുൾപൊട്ടൽ പോലെ പ്രകൃതിദുരന്തങ്ങൾ പശ്ചിമഘട്ട മേഖലകളിൽ ഉണ്ടാകാതിരിക്കാനാണ് താൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

328 പേജുള്ള റിപ്പോർട്ടിന്റെ ആമുഖത്തിൽ ഗാ‌ഡ്‌ഗിൽ ഇങ്ങനെ എഴുതി: ഗോദാവരി, കൃഷ്ണ, നേത്രാവതി, കാവേരി, കുന്തി, വൈഗ തുടങ്ങി നിരവധി നദികളുടെ മാതാവായ പശ്ചിമഘട്ടത്തെ കാളിദാസൻ ഒരു സുന്ദരിയായ കന്യകയോട് ഉപമിക്കുന്നു. അഗസ്ത്യമല അവളുടെ തലയാണ്, അണ്ണാമലയും നീലഗിരിയും സ്തനങ്ങളും കാനറയുടെയും ഗോവയുടെയും വിശാലമായ പർവതനിരകൾ ഉടലുമാണ്. വടക്കൻ സഹ്യാദ്രികളാണ് കാലുകൾ. സമ്പന്നമായ പച്ച നിറങ്ങളിലുള്ള സാരിയുടുത്ത ആ സുന്ദരിയുടെ മേലങ്കി ഇന്ന് കീറിപ്പറിഞ്ഞിരിക്കുന്നു. വരേണ്യവർഗത്തിന്റെ അത്യാഗ്രഹത്താൽ കീറിമുറിക്കപ്പെട്ടു. ദരിദ്രരാൽ ഭക്ഷിക്കപ്പെട്ടു. പരിസ്ഥിതിയുടെ നട്ടെല്ലായ കുന്നിൻപ്രദേശത്തിന് സംഭവിച്ചത് വലിയ ദുരന്തമാണ്.

പശ്ചിമഘട്ടത്തിലെ മനുഷ്യവാസ മേഖലകൾ പ്രകൃതിക്ക് ഇണങ്ങും വിധം ക്രമീകരിക്കുകയായിരുന്നു റിപ്പോർട്ടിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഖനനം, വൻകിട നിർമ്മാണങ്ങൾ അടക്കം മനുഷ്യന്റെ ഇടപെടലുണ്ടാക്കുന്ന ദുരന്തങ്ങൾ ഒരുപരിധിവരെ തടയാൻ അതിലെ ശുപാർശകൾക്ക് കഴിയുമായിരുന്നു. മുൻകരുതലെടുത്തില്ലെങ്കിൽ കേരളം ഇനിയും വൻ ദുരന്തങ്ങൾക്ക് വിധേയമാകുമെന്നും മുന്നറിയിപ്പ് നൽകി. ക്വാറി ലോബിയാണ് കേരളത്തിൽ തന്റെ റിപ്പോർട്ടിനെ മോശമായി ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിലെ 1,60,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിൽ ഒട്ടുമുക്കാലും പരിസ്ഥിതി ലോലമായി കണക്കാക്കണമെന്നായിരുന്നു സമിതിയുടെ ശുപാർശ. ഇതിൽ കേരളത്തിലെ 633 ഗ്രാമങ്ങൾ അടങ്ങിയ 25,000 ചതുരശ്ര കിലോമീറ്റർ പ്രദേശവും ഉൾപ്പെട്ടു. പരിസ്ഥിതിയെ ബാധിക്കുന്ന നിർമ്മാണങ്ങൾ പാടില്ലെന്നും റിപ്പോർട്ട് ശഠിച്ചു. ഇവ മലയോര മേഖലകളിലെ ജനങ്ങളിൽ ആശങ്കയുണ്ടാക്കി. രാഷ്ട്രീയക്കാർ അത് മുതലെടുത്തു.

ഇംഗ്ളീഷിൽ തയ്യാറാക്കിയ തന്റെ റിപ്പോർട്ടിലെ വസ്‌തുത മലയോരവാസികളെ നേരിട്ടറിയിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആദിവാസി വിഭാഗങ്ങളുമായി നടത്തിയ സംവാദത്തിൽ റിപ്പോർട്ട് അവരുടെ അതിജീവനത്തിനു വേണ്ടിയാണെന്ന് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു.

കോൾഡ് സ്റ്റോറേജിൽ

കസ്‌തൂരിരംഗൻ റിപ്പോർട്ടും

ഗാഡ്ഗിൽ റിപ്പോർട്ടിന് പകരം അന്നത്തെ യു.പി.എ സർക്കാർ നിയമിച്ച കസ്‌തൂരിരംഗൻ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലമേഖല 30 ശതമാനത്തിൽ താഴെയായി ചുരുങ്ങി. അതും നടപ്പാക്കാനായില്ല. മലയോര വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയിൽ രാഷ്ട്രീയ പിന്തുണ കിട്ടാതെപോയി. കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിലെ പരിസ്ഥിതി ലോല മേഖല 13,000 ചതുരശ്ര കിലോമീറ്ററും ജനവാസ മേഖലകൾ 123മായി ചുരുങ്ങിയിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിൽ അനാസ്ഥയെന്ന് അന്നത്തെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച ബി.ജെ.പി 2014ൽ അധികാരത്തിൽ വന്നെങ്കിലും അന്തിമ വിജ്ഞാപനം വെല്ലുവിളിയായി തുടരുന്നു.

TAGS: GADGIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.