
ഗീതു മോഹൻദാസിന്റെ ബിഗ് ബജറ്റ് ചിത്രം ടോക്സികിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആക്ഷനും മാസും സെക്സും ചേർന്നുള്ള ട്രെയിലറിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഗീതു മോഹൻദാസിനെതിരെ സൈബറാക്രമണം നടക്കുകയാണ്. സിനിമകളിൽ സ്ത്രീകളെ ഉപഭോഗവസ്തുമായി ചിത്രീകരിക്കുന്നതിനെതിരെ വാതോരാതെ സംസാരിച്ച ഗീതു, സ്വന്തം ലാഭത്തിന് വേണ്ടി നിലപാടുകളിൽ വെള്ളം ചേർത്തെന്നാണ് വിമർശനം.
മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധ രംഗങ്ങൾക്കെതിരെ, സിനിമയുടെ പേര് പറയാതെ വിമർശിച്ച പാർവതിയോട് 'say it, say it' എന്ന് പറഞ്ഞ് ചിത്രത്തിന്റെ പേര് പറയിപ്പിച്ചത് ഗീതുവായിരുന്നു. ഇതാണ് ഗീതുവിനെതിരെ വിമർശനമുയരാനുള്ള പ്രധാന കാരണം.
ടോക്സിക്കിന്റെ ആദ്യ പ്രമോ പുറത്തുവന്നപ്പോൾത്തന്നെ ഗീതുവും പാർവതിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നതായി അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ പാർവതി ഗീതുവിനെ അൺഫോളോ ചെയ്യുകയും കണ്ണിന്റെ സ്റ്റിക്കർ ചുണ്ടിൽ ഒട്ടിച്ച വിചിത്രമായ ഒരു ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം ടീസർ പുറത്തുവന്നപ്പോൾ പാർവതി ഒരക്ഷരം ഇതിനെപ്പറ്റി പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
കരിയറിൽ ഏറെ തിളങ്ങി നിൽക്കുന്ന വേളയിലാണ് പാർവതി കസബയെ വിമർശിച്ചത്. അത് നടിയുടെ കരിയറിനെ ചെറിയ രീതിയിലൊന്നുമല്ല ബാധിച്ചത്. അന്ന് മുൻനിര നടിമാരിലൊരാളായിരുന്നു പാർവതി. എന്നാൽ പിന്നീട് നല്ല വേഷങ്ങൾ നടിയെ തേടിയെത്തിയില്ല. എന്നാൽ ഗീതുവാകട്ടെ യാഷിനെ പോലൊരു നടനെവച്ച് ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തു. അതും പഴയ നിലപാടുകൾ സൗകര്യപൂർവം മറന്നുകൊണ്ടെന്നാണ് ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |