
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ് ഐ ടി ഇന്ന് പരിശോധന നടത്തും. എന്നാൽ പരിശോധന എപ്പോഴാണെന്ന് വ്യക്തമല്ല. കേസിൽ നേരത്തേ അറസ്റ്റിലായിരുന്ന പത്മകുമാറിന്റെയും വാസുവിന്റെയും വീടുകളിൽ എസ് ഐ ടി പരിശോധന നടത്തിയിരുന്നു.
ജീവപര്യന്തം തടവുശിക്ഷവരെ കിട്ടിയേക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലാേചനയ്ക്കും അഴിമതി നിരോധനത്തിനും പുറമേ വിശ്വാസവഞ്ചന, വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിർമ്മാണത്തിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമായിരുന്നു തന്ത്രിയുടെ അറസ്റ്റ്.
സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിന് 2019 മേയ് 18ന് തയ്യാറാക്കിയ മഹസറിൽ ഒപ്പിട്ടത് തന്ത്രിക്ക് വിനയായി. ഇത് ശക്തമായ തെളിവാകുമെന്ന് 2025 നവംബർ 28ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.ഈ വിവരം ഹൈക്കോടതി പിടിച്ചെടുത്ത രേഖകളിലും ഇടക്കാല ഉത്തരവിലുമുണ്ട്. 'ചെമ്പുപാളികൾ' എന്ന് തെറ്റായി രേഖപ്പെടുത്തിയ കട്ടിളയിൽ നിന്ന് 474.9ഗ്രാം സ്വർണം നഷ്ടമായി.
അറ്റകുറ്റപ്പണിക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണ് ഉണ്ടായതെന്നാണ് തന്ത്രി നൽകിയ വിശദീകരണം.കട്ടിളപ്പാളികളുടെ മഹസറിൽ തന്ത്രിയും അന്നത്തെ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി, ദേവസ്വം ഉദ്യോഗസ്ഥരായ ബി.മുരാരിബാബു, ഡി.ജയകുമാർ, ആർ.ശങ്കരനാരായണൻ, കെ.സുലിൻകുമാർ, സി.ആർ.ബിജുമോൻ, ജീവനക്കാരായ എസ്.ജയകുമാർ, പി.ജെ.രജീഷ്, വി.എം.കുമാർ എന്നിവരും ഒപ്പുവച്ചിട്ടുണ്ട്.
ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിക്ക് മുമ്പാണ് പോറ്റി കട്ടിളപ്പാളികൾ കൊണ്ടുപോയത്. അതിനുമുമ്പ് ശ്രീകോവിൽ വാതിൽ പുതുക്കിപ്പണിത് വിശ്വാസ്യത പിടിച്ചുപറ്റിയിരുന്നു. കട്ടിളപ്പാളികൾ കൊടുത്തുവിടാനുള്ള നീക്കം 2019 ഫെബ്രുവരി 16നാണ് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ദേവസ്വം കമ്മിഷണർക്ക് അയച്ച കത്തിൽ 'സ്വർണം പൊതിഞ്ഞ പാളികൾ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ദേവസ്വം കമ്മിഷണർ ബോർഡിന് നൽകിയ ശുപാർശയിൽ അത് 'ചെമ്പ്' ആകുകയും മാർച്ച് 20ന് അതേപടി തീരുമാനമെടുക്കുകയുമായിരുന്നു. മേയിലാണ് ചെന്നൈക്ക് കൊടുത്തയച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |