
ഇൻഡോർ: ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റിയ നഴ്‌സിനെ സസ്‌പെൻഡ് ചെയ്‌തു. ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു (എംവൈ) ആശുപത്രിയിൽ ബുധനാഴ്‌ചയാണ് സംഭവം. കുഞ്ഞിന് കുത്തിവയ്‌പ് നൽകുന്നതിനായി കൈയിൽ ഘടിപ്പിച്ച കാനുല കത്രികകൊണ്ടു മുറിച്ചെടുക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതായാണ് നഴ്‌സിന്റെ വിശദീകരണം.
മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ചികിത്സാകേന്ദ്രമാണ് മഹാരാജാ യശ്വന്ത് റാവു ആശുപത്രി. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ കുഞ്ഞ് ഇവിടെ വെന്റിലേറ്ററിൽ കഴിയവെയാണ് അനാസ്ഥയുണ്ടായത്. ഉടൻ തന്നെ കുഞ്ഞിനെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ശസ്‌ത്രക്രിയയിലൂടെ അറ്റുപോയ തള്ളവിരൽ തുന്നിച്ചേർത്തു.
അനാസ്ഥകാട്ടിയ നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും മൂന്ന് സീനിയർ നഴ്‌സുമാരുടെ ഒരു മാസത്തെ ശമ്പളം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തതായി ആശുപത്രി ഡീൻ ഡോ അരവിന്ദ് ഗംഗോരിയ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മദ്ധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല നിർദേശം നൽകി.
സൂപ്രണ്ട് ഡോ. അശോക് യാദവ് നേതൃത്വം നൽകുന്ന അന്വേഷണ സമിതിയിൽ ശിശുരോഗ വിദഗ്ദ്ധൻ ഡോ. നിർഭയ് മേത്ത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രോഹിത് ബദേരിയ, നഴ്സിംഗ് സൂപ്രണ്ട് ദയാവതി ദയാൽ എന്നിവർ ഉൾപ്പെടുന്നു. ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് നവജാതശിശുക്കൾ എലി കടിച്ച് മരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷവും ഇതേ ആശുപത്രി വാർത്തകളിൽ ഇടം നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |