പറവൂർ: വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങി പണം കൊടുക്കാതെ മുങ്ങുന്ന സംഘം പറവൂർ നഗരത്തിൽ വിലസുന്നു. ഏതാനും യുവാക്കളടങ്ങുന്ന സംഘമാണ് കഴിഞ്ഞ രണ്ട് മാസത്തിലധികമായി വ്യാപാരികളെ കബളിപ്പിക്കുന്നത്. ഒക്ടോബറിൽ തെക്കേനാലുവഴിലെ ടൂവീലർ സ്പെയർ പാർട്‌സ് കടയിൽ എത്തിയ ഇവർ 1,680 രൂപ വിലയുള്ള സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങി. ഈ കടയുള്ള ബിൽഡിംഗിലെ വാഹനങ്ങളുടെ ബാറ്ററികൾ വിൽക്കുന്ന മറ്റൊരു കടയിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയും സമാന രീതിയിൽ തട്ടിപ്പ് നടന്നു. രണ്ട് കടകളിലെയും സി.സി ടിവി ദൃശ്യങ്ങൾ തമ്മിൽ ഒത്തുനോക്കിയപ്പോഴാണ് രണ്ടിടത്തും തട്ടിപ്പ് നടത്തിയത് ഒരേ സംഘമാണെന്ന് സൂചന ലഭിച്ചത്.
ഒക്ടോബറിൽ നടന്ന തട്ടിപ്പിൽ സാധനങ്ങൾ വാങ്ങിയ ശേഷം ഇവർ ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞു ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്തെങ്കിലും പണമയയ്ക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു. കടയുടമ നമ്പർ പറഞ്ഞുകൊടുത്തു. തുടർന്ന് അതിലേക്ക് പണമയച്ചിട്ടുണ്ടെന്ന് പറഞ്ഞ ഇവർ സാധനങ്ങളെടുത്തു പോകാനൊരുങ്ങി. അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആകാത്തതിനാൽ കടയുടമ പിന്നാലെ ചെന്ന് പണം വന്നിട്ടില്ലെന്നു പറഞ്ഞു. അവർ പണം അയച്ച നമ്പർ എന്നു പറഞ്ഞ് ഒരു ഫോൺ നമ്പർ നൽകി. പണം അക്കൗണ്ടിൽ വന്നില്ലെങ്കിൽ വിളിച്ചാൽ അയച്ചുതരാമെന്ന ഉറപ്പും നൽകി. എന്നാൽ, പണം കിട്ടാതായതോടെ അന്ന് രാത്രി ഈ നമ്പറിൽ പലതവണ വിളിച്ചെങ്കിലും എടുത്തില്ല. പകരം പേയ്മെന്റ് അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് മറ്റൊരു നമ്പറിൽ നിന്ന് മെസേജ് വന്നു. വീണ്ടും പണം ക്രെഡിറ്റ് ആകാത്തതിനാൽ മെസേജ് വന്ന നമ്പറിലേക്ക് കടയുടമ വിളിച്ചെങ്കിലും ഫോൺ എടുത്തയാൾ ഭീഷണിപ്പെടുത്തി. രണ്ട് നമ്പറുകളും സി.സി ടിവി ദൃശ്യവും സഹിതം കടയുടമ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല.
കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് ബാറ്ററി വില്പന നടത്തുന്ന കടയിൽ നിന്ന് 1,900 രൂപ വിലയുള്ള ബാറ്ററി വാങ്ങി ഇതേരീതിയിൽ കടന്നുകളഞ്ഞത്. ഈ കടയുടമയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നഗരത്തിലെ മറ്റു കടകളിൽ ഇത്തരം തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്. ഒരു വർഷം മുമ്പ് സമാന രീതിയിലുള്ള സംഭവം നടന്നിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |