

ഇറാനിലെ ഇസ്ളാമിക ഭരണകൂടത്തിനെതിരെയുള്ള യുവജനങ്ങളുടെ പ്രക്ഷോഭം ആ രാജ്യത്തെ ജനജീവിതം അക്ഷരാർത്ഥത്തിൽ തകിടം മറിച്ചിരിക്കുകയാണ്. വിലക്കയറ്റത്തിനെതിരായുള്ള ജനരോഷം രണ്ടാഴ്ച പിന്നിടവെ അക്രമം തുടർന്നാൽ സൈന്യത്തെ വിന്യസിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. അതേസമയം പ്രക്ഷോഭകരെ വെടിവച്ചാൽ ഇറാന് നേരെ തങ്ങളും വെടിപൊട്ടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
സമരം ശക്തമാക്കി നഗരങ്ങൾ കീഴടക്കാൻ പ്രക്ഷോഭകരെ ആഹ്വാനം ചെയ്തിരിക്കുകയാണ് മുൻ കിരീടാവകാശി റെസ പഹ്‌ലവി. മുപ്പതിലേറെ പ്രവിശ്യകളിൽ പ്രക്ഷോഭം അതിശക്തമാണ്. ഇറാൻ ഭരണകൂടത്തിന് നേതൃത്വം നൽകുന്ന മത നേതാവ് അയത്തൊള്ള അലി ഖമേനി ഒളിവിലാണെന്നാണ് വാർത്തകൾ. ഇറാനിലെ ജെൻസി പ്രക്ഷോഭം അങ്ങേയറ്റം അക്രമാസക്തമാണ്. അതിശക്തമായ സൈനിക നിരയുള്ള രാജ്യമായ ഇറാനിൽ ഇതിന് മുമ്പുണ്ടായ ഹിജാബ് പ്രക്ഷോഭം ഉൾപ്പെടെയുള്ള പല പ്രതിഷേധ സമരങ്ങളും ഭരണകൂടം അടിച്ചമർത്തിയിരുന്നു. ലോകത്തെ ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള മൂന്നാമത്തെ രാജ്യമാണ് ഇറാനെങ്കിലും അതിന്റെ ഗുണമൊന്നും സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നില്ല. അമേരിക്കയുടെ ഉപരോധത്താൽ ഇറാന് അമേരിക്കയുമായി ബന്ധമുള്ള രാജ്യങ്ങൾക്കൊന്നും എണ്ണ വിൽക്കാനും കഴിയുന്നില്ല.
ഷായുടെ ഭരണകാലത്ത് ആധുനിക വസ്‌ത്രങ്ങൾ ധരിച്ച് സ്വതന്ത്ര ജീവിതം നയിച്ച ജനത 1979-ലെ ഇസ്ളാമിക് വിപ്ളവത്തിലൂടെ ചരിത്രത്തിലൂടെ ഒരു തിരിച്ചുപോക്ക് നടത്തിയ അപൂർവം രാജ്യങ്ങളിലൊന്നാണ്. അന്ന് പുറത്താക്കപ്പെട്ട ഷായുടെ പുത്രനാണ്, രാജ്യത്തേക്ക് തിരിച്ചുവരാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭം ശക്തമാക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്ന റെസ പഹ്‌ലവി. ജീവിതം എല്ലാ അർത്ഥത്തിലും ദുസ്സഹമാകുമ്പോഴാണ് ഏതൊരു രാജ്യത്തെയും ജനത പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നത്. ശക്തമായ മത നിയമങ്ങളുടെ അടിച്ചമർത്തലിനൊപ്പം വിശപ്പും സഹിക്കണമെന്ന സാഹചര്യമാണ് ഇറാനിൽ യുവാക്കൾ തെരുവിലിറങ്ങാൻ ഇടയാക്കിയിരിക്കുന്നത്. അമേരിക്കയാവട്ടെ മിഡിൽ ഈസ്റ്റിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഒരു അവസരമാക്കി മാറ്റുകയാണ്. ഏതു നിമിഷവും അമേരിക്കയുടെ സൈനിക ഇടപെടൽ ഇറാനിൽ സംഭവിച്ചേക്കാം.
ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യമായ വെനസ്വേല അമേരിക്കയുടെ കൈപ്പിടിയിൽ അമർന്നുകഴിഞ്ഞു. അടുത്തതായി ഇറാൻ കൂടി തങ്ങളുടെ ചിറകിൻ കീഴിൽ ഒതുക്കാനാണ് അമേരിക്കയുടെ ശ്രമം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്ക കൂടി മുൻകൈയെടുത്ത് സ്ഥാപിക്കപ്പെട്ട ഉടമ്പടികളും സമാധാന സംവിധാനങ്ങളുമെല്ലാം ഏകപക്ഷീയമായി അട്ടിമറിക്കുന്ന നയമാണ് ട്രംപ് പിന്തുടരുന്നത്. ഇന്ത്യയും ഇറാനും തമ്മിൽ ഊഷ്‌മളമായ ബന്ധമാണ് നിലനിൽക്കുന്നത്. അതിനാൽ ഇറാനിലെ സംഭവവികാസങ്ങൾ ഇന്ത്യയെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. ഇറാനിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം വരുന്ന ഷിയാ മുസ്ളിം വിഭാഗത്തിലെ പൗരോഹിത്യ നേതൃത്വമാണ് ഇന്ന് ഇറാനിൽ രാഷ്ട്രീയാധികാരം കൈയാളുന്നത്. ഇതേ വിഭാഗത്തിലെ തന്നെ യുവാക്കളാണ് ഇപ്പോൾ അവർക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് എന്നതിനാൽ നിലവിലുള്ള മതഭരണകൂടത്തിന്റെ പതനം ആസന്നമാണെന്ന് വേണം അനുമാനിക്കാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |