
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ ഗവർണർ ആർ.വി ആർലേക്കർ തടഞ്ഞു. 2021ൽ വിജ്ഞാപനം ചെയ്തിരുന്ന ഒഴിവുകളിലേക്ക് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തിരക്കിട്ട് നിയമനം നടത്താനുള്ള തീരുമാനമാണ് ഗവർണർ തടഞ്ഞത്. നടപടികൾ നിറുത്തിവയ്ക്കാൻ വിസി ഡോ. കെ.കെ. ഗീതാകുമാരിക്ക് നിർദ്ദേശം നൽകി. സർവ്വകലാശാലയുടെ ആറ് ഏക്കർ ഭൂമി സ്റ്റേഡിയം നിർമ്മാണത്തിന് സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം അടുത്തിടെ ഗവർണർ തടഞ്ഞിരുന്നു.
സർവകലാശാലയുടെ താൽക്കാലിക പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർത്ഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക സെൻററുകൾ അടച്ചുപൂട്ടണമെന്നുമുള്ള അക്കൗണ്ടൻറ് ജനറലിന്റെ റിപ്പോർട്ട് മറച്ചുവച്ചായിരുന്നു നിയമന നീക്കം. 2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |