
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവർക്ക് ആജീവനാന്ത നിയമപരിരക്ഷ ഉറപ്പാക്കിയ കേന്ദ്രസർക്കാർ നടപടി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരിനും നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. ലോക്പ്രഹാരി സംഘടന സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. 2023ലെ 'ദ ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മിഷണേഴ്സ് (അപ്പോയ്ന്റ്മെന്റ്, കണ്ടീഷൻസ് ഒഫ് സർവീസ് ആൻഡ് ടേം ഒഫ് ഓഫീസ്) ആക്‌ടിലെ വ്യവസ്ഥയെയാണ് ഹർജിയിൽ ചോദ്യം ചെയ്‌തത്. ഔദ്യോഗിക ജോലി നിർവഹണത്തിന്റെ ഭാഗമായി ചെയ്യുന്ന പ്രവൃത്തികൾക്ക് സിവിലായോ ക്രിമിനലായോ നിയമനടപടി വിലക്കുന്ന നിയമത്തിലെ 16ാം വകുപ്പ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അടിയന്തര സ്റ്റേ വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. വിശദമായി വാദംകേൾക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |