
സ്പാനിഷ് സൂപ്പർ കപ്പ്: ബാഴ്‌സലോണ ചാമ്പ്യൻമാർ,റയലിനെ 3-2ന് വീഴ്‌ത്തി
ജിദ്ദ: ചിരവൈരകിളായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണ തുടർച്ചയായ രണ്ടാം തവണയും സ്‌പാനിഷ് സൂപ്പർ കപ്പിൽ മുത്തമിട്ടു. സൗദി അറേബ്യയിലെ ജിദ്ദയിലെ കിംഗ് അബ്‌ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന ഫൈനലിൽ ഇരട്ടഗോളുമായി തിളങ്ങിയ ബ്രസീലിയൻ താരം റഫീഞ്ഞയാണ് ബാഴ്‌സയുടെ വിജയശില്പിയായത്. റോബർട്ട് ലെവൻഡോവ്‌സ്‌കി ഒരുഗോൾ നേടി. വിനീഷ്യസും ഗോൺസാലോ ഗാർസിയയുമാണ് റയലിന്റെ സ്‌കോറർമാർ. രണ്ടാം പകുതിയുടെ അധിക സമയത്ത് (90+1) ഫ്രാങ്കി ഡി യോംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനാൽ പത്തുപേരുമായാണ് ബാഴ്‌സ ഫൈനൽ അവസാനിപ്പിച്ചത്.
ബോൾ പൊസഷനിലും പാസിംഗിലും ബാഴ്‌സ ബഹുദൂരം മുന്നിലായിരുന്നു. ടാർജറ്റിലേക്ക് തൊടുത്ത ഷോട്ടുകളിൽ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. 8 വീതം ഷോട്ടുകളാണ് ബാഴ്‌സുടേയും റയലിന്റെയും താരങ്ങൾ ലക്ഷ്യത്തിലേക്ക് തൊടുത്തത്. ക്രോസ് ബാറിന് കീഴിൽ ബാഴ്സയുടെ ഗോൾ കീപ്പർ ജൊവാൻ ഗാർസിയ ഏഴോളം തകർപ്പൻ സേവുകളുമായി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
36-ാം മിനിട്ടിൽ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ഫെറാൻ ലോപസിന്റെ പാസിൽ നിന്ന് റഫീഞ്ഞ ബാഴ്‌സയ്ക്ക് ലീഡ് നേടിക്കൊടുത്തു. ഒന്നാം പകുതിയുടെ അധിക സമയം സംഭവ ബഹുലമായിരുന്നു. മൂന്ന് ഗോളുകളാണ് ഈസമയത്ത് വീണത്. അധിക സമയത്തിന്റെ രണ്ടാം മിനിട്ടിൽ ബാഴ്‌സപ്രതിരോധതാരം ജൂൾസ് കുണ്ടെയെ നിഷ്പ്രഭനാക്കി വിനീഷ്യസ് ജൂനിയർ റയലിന് സമനില നേടിക്കൊടുത്തു. പിന്നാലെ പെഡ്രിയുടെ പാസിൽ ലെവൻഡോവ്‌സ്‌കിയുടെ ക്ലിനിക്കൽ ഫിനിഷ് വീണ്ടും ബാഴ്‌സയെ മുന്നിലെത്തിച്ചു. ഇടവേളയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുൻപ് റീബൗണ്ട് ഗോളാക്കിയ ഗോൺസാലോ ഗാർസിയയിലൂടെ റയൽ വീണ്ടും സമനില പിടിച്ചു. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇരുടീമും 2-2ന് സമനില പാലിക്കുകയായിരുന്നു.രണ്ടാം പകുതിയിൽ 73-ാം മിനിട്ടിലാണ് റഫീഞ്ഞ ബാഴ്‌സയുടെ കിരീടമുറപ്പിച്ച വിജയ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ അധികസമയത്ത് എംബാപ്പെയെ ഫൗൾ ചെയ്തതിനാണ് ഡി യോംഗിന് ചുവപ്പ് കിട്ടിയത്. ഇഞ്ചുറി ടൈമിൽ റയലിന്റെ ഗോളെന്നുറച്ച രണ്ട് ശ്രമങ്ങൾ ജൊവാൻ ഗാർസിയ മനോഹരമായി നിർവീര്യമാക്കി.
16- സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്‌സ 16-ാം തവണയാണ് ചാമ്പ്യന്മാരാകുന്നത്.
1-ഈ വർഷത്തെ ആദ്യത്തെ എൽക്ലാസിക്കോ പോരാട്ടമായിരുന്നു സൂപ്പർകപ്പ് ഫൈനൽ.
സൂപ്പർ കപ്പിൽ പാരമ്പര്യമായുള്ള ഗാർഡ് ഓഫ് ഹോണർ റയൽ മാഡ്രിഡ് താരങ്ങൾ ബാഴ്‌സലോണ താരങ്ങൾക്ക് നൽകാതിരുന്നത് വിവാദമായി. എംബാപ്പെ പറഞ്ഞതിനാലാണ് റയൽ ഗാർഡ് ഓഫ് ഹോണർ നൽകാതിരുന്നതെന്ന് വാർത്തകൾ വന്നതോടെ താരത്തിനെതിരെ വലിയ വിമർശനം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |