
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതി ഇന്നുമുതൽ അന്തിമവാദം കേൾക്കും. ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിനുമുമ്പാകെയാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്‌എഫ്‌ഒയ്ക്കും കേന്ദ്രസർക്കാരിനുംവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്ന് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ച് വാദം കേൾക്കുന്നത് മാറ്റുകയായിരുന്നു. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു. കമ്പനി രജിസ്‌ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയിൽ കേന്ദ്രത്തിന് കോടതി നോട്ടീസയച്ചിരുന്നു.
സിഎംആർഎൽ നിന്ന് നൽകാത്ത സേവനത്തിന് വീണാ വിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കും ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ചുലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും എസ്എഫ്ഐഒയുടെ കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിലാണ് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |