
ചായ ഇഷ്‌ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. ദിവസേന രാവിലെ ചായ കുടിച്ചില്ലെങ്കിൽ തലവേദനിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, നിങ്ങൾ കുടിക്കുന്ന ചായയിൽ ഉപയോഗിക്കുന്ന ചായപ്പൊടി എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് നമ്മുടെ കേരളത്തിൽ നിന്നല്ല. അസമിൽ നിന്നാണ് ആ ചായപ്പൊടി എത്തുന്നത്. ആധുനിക ഇന്ത്യയുടെ മുഴുവൻ ചായക്കഥയും ആരംഭിച്ചത് അസമിൽ നിന്നാണ്. ഒരു ചായപ്രേമിയാണ് നിങ്ങളെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് അസം.
കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന വിശാലമായ തേയിലത്തോട്ടങ്ങൾ, പുലർച്ചെ നുള്ളിയെടുക്കുന്ന തളിരിലകളുടെ സുഗന്ധം, തേയിലത്തോട്ടങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്ന തൊഴിലാളികൾ തുടങ്ങി കൺകുളിർക്കുന്ന കാഴ്‌ചകളാണ് അസമിലുള്ളത്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന തേയിലയിൽ പകുതിയിലധികവും അസമിൽ നിന്നാണ്. ഉൽപ്പാദനത്തിന്റെ കാര്യത്തിൽ മാത്രമല്ല, ചായയും അസമും തമ്മിൽ ആഴത്തിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധമുണ്ട്. അതിനാൽ ഇവിടം ഇന്ത്യയുടെ ചായ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.
ഇന്ത്യയുടെ ചായ തലസ്ഥാനം
800ലധികം തേയിലത്തോട്ടങ്ങളാണ് അസമിലുള്ളത്. അവയിൽ പലതും ബ്രിട്ടീഷ് കൊളോണിയൽ കാലം മുതലുള്ളതാണ്. ബ്രഹ്മപുത്ര താഴ്‌വര, അതിന്റെ തനതായ കാലാവസ്ഥയും മണ്ണും തേയിലച്ചെടി വളരുന്നതിന് വളരെ അനുയോജ്യമാണ്. ഉയർന്ന അളവിൽ ലഭിക്കുന്ന മഴ, ഈർപ്പമുള്ള കാലാവസ്ഥ, എക്കൽ മണ്ണ് എന്നിവ ചായ ഉൽപ്പാദനത്തിന് അനുകൂലമാണ്.
അസം ചായയ്‌ക്ക് ആഗോള തലത്തിൽ പ്രശസ്‌തി ഉണ്ട്. ഇംഗ്ലീഷ് പ്രഭാതഭക്ഷണത്തിൽ പ്രധാനമാണിത്. ക്ഷീണിച്ചിരിക്കുന്നവർക്ക് പോലും ഉണർവ് നൽകാൻ ഈ ചായയ്‌ക്കാകും. 1820ൽ ബ്രിട്ടീഷുകാർ അസമിൽ നിന്ന് കാട്ടുതേയിലച്ചെടി കണ്ടെത്തിയിരുന്നു. ഇതോടെയാണ് പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സ്വത്വത്തിലും പരിവർത്തനം ഉണ്ടായത്.

അസമിന്റെ പങ്ക്
സംസ്കാരങ്ങളുടെയും ചരിത്രങ്ങളുടെയും ആകർഷകമായ മിശ്രിതമാണ് ചായ. ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ് ചൈനയിലാണ് ആദ്യമായി ചായ ഉപയോഗിച്ചിരുന്നത്. ഇന്ത്യയിൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ചായ എത്തുന്നത്. ചായയുടെ മേലുള്ല ചൈനയുടെ കുത്തക തകർക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആഗ്രഹിച്ചിരുന്നു. അതിനാൽ തേയിലച്ചെടികളും കൃഷി രഹസ്യങ്ങളും മോഷ്‌ടിക്കാൻ അവർ സസ്യശാസ്ത്രജ്ഞനായ റോബർട്ട് ഫോർച്യൂണിനെ ചൈനയിലേക്ക് വിട്ടു. ദൗത്യം വിജയിച്ചു. തേയിലച്ചെടികളെയും ചൈനയിലെ തേയിലത്തൊഴിലാളികളെയും ബ്രിട്ടീഷ് ഭരിച്ചിരുന്ന ഇന്ത്യയിലെ അസമിലേക്കും ഡാർജിലിംഗിലേക്കും റോബർട്ട് ഫോർച്യൂൺ എത്തിച്ചു.
ഈ തേയിലച്ചെടികൾ അസമിലെ കാലാവസ്ഥയിൽ വളരാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അസമിലെ പർവതപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയിൽ കാട്ടുതേയിലച്ചെടികൾ വളരുന്നത് ഫോർച്യൂണിന്റെ ശ്രദ്ധയിൽപ്പെട്ടത്. 1850കളോടെ, ബ്രിട്ടീഷുകാർ അസമിൽ വൻതോതിലുള്ള തേയിലത്തോട്ടങ്ങളുണ്ടാക്കി. പിന്നീടുണ്ടായത് ചരിത്രമാണ്.
മസാല ചായയുടെ തുടക്കം
ഇത്രയും തേയില ഉൽപ്പാദനം ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാർക്ക് ആദ്യം കറുത്ത ചായ ഇഷ്ടപ്പെട്ടിരുന്നില്ല. വിലയേറിയതും കയ്പ്പുള്ളതുമായതിനാൽ സാധാരണക്കാർക്ക് പൊരുത്തപ്പെടാൻ കഴിയില്ലായിരുന്നു. ചായ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് ഇന്ത്യാ ടീ കമ്മിറ്റി വൻതോതിൽ പ്രചാരണങ്ങൾ നടത്തി. റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യമായി ചായ വിതരണം പോലും നടത്തി.

എന്നാൽ, ഇന്ത്യക്കാർ ചായയുടെ രുചി വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ നോക്കി. തെരുവ് കച്ചവടക്കാർ ചായയിൽ പാലും പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും ചേർക്കാൻ തുടങ്ങി. ഏലം, ഇഞ്ചി, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയോടൊപ്പം കറുത്ത ചായപ്പൊടി കൂടി ചേർത്തുണ്ടാക്കിയപ്പോൾ ഏവർക്കും ഇഷ്‌ടപ്പെടുന്ന രുചിയിലേക്ക് ചായ മാറി. ഇന്ന് വെള്ളം കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന പാനീയം ചായയാണ്.
എങ്ങനെ അസാമിലെത്താം?
ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം അസമിലേക്കുള്ള പ്രധാന കവാടമാണ്. ഡൽഹി, മുംബയ്, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ദിവസേന വിമാന സർവീസുണ്ട്. ഗുവാഹത്തിയിൽ നിന്ന്, ജോർഹട്ട്, ദിബ്രുഗഡ് തുടങ്ങിയ തേയില കൃഷി ചെയ്യുന്ന പ്രദേശങ്ങളിലേക്ക് നിങ്ങൾക്ക് യാത്ര ചെയ്യാം.
ഗുവാഹത്തി വടക്കുകിഴക്കൻ മേഖലയിലെ ഒരു പ്രധാന റെയിൽവേ കേന്ദ്രമാണ്. രാജധാനി എക്സ്പ്രസ്, നോർത്ത് ഈസ്റ്റ് എക്സ്പ്രസ് പോലുള്ള ട്രെയിനുകൾ ഡൽഹി, കൊൽക്കത്ത, മറ്റ് പ്രധാന നഗരങ്ങളെ ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്നു. തേയിലത്തോട്ടത്തിലേക്ക് നേരിട്ട് പോവുകയാണെങ്കിൽ ജോർഹട്ടിലും ദിബ്രുഗഡിലും റെയിൽവേ സ്റ്റേഷനുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |