
തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയം കൊല്ലം കോർപ്പറേഷനിലേതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ തുറന്നു പറച്ചിൽ. പാർട്ടി കോട്ടയായ കണ്ണൂരിനെപ്പോലെയോ അതിന് സമാനമായോ സി.പി.എമ്മിന് 100 ശതമാനം വിശ്വസിക്കാവുന്ന ജില്ലയായിരുന്ന കൊല്ലത്തുണ്ടായ പരാജയം പാർട്ടിക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്നതിന്റെ സൂചനയാണ് ഗോവിന്ദന്റെ ഈ അഭിപ്രായത്തിനു പിന്നിൽ. 'കൊല്ലം കോർപ്പറേഷനിലെ ദയനീയ പരാജയം പാർട്ടിയെ ഞെട്ടിച്ചു. ഇതിനു കാരണം കൊല്ലത്തെ പാർട്ടി നേതാക്കളുടെ അധികാരമോഹമാണ്." തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൊല്ലം താലൂക്കിലെ കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്, കൊട്ടിയം, ചാത്തന്നൂർ, കുണ്ടറ ഏരിയ കമ്മിറ്റികളുടെ പരിധിയിലെ ബ്രാഞ്ച് സെക്രട്ടറിമാർ വരെ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിലാണ് എം.വി. ഗോവിന്ദൻ ഇങ്ങനെ തുറന്നടിച്ചത്.
കഴിഞ്ഞ 25 വർഷമായി കൊല്ലം കോർപ്പറേഷനിൽ തുടർ ഭരണം നടത്തുന്ന സി.പി.എമ്മിന് 2025 ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ദയനീയ തോൽവിയാണുണ്ടായത്. എം.വി. ഗോവിന്ദനെപ്പോലെ കൊല്ലത്തെ ഈ ഫലം കണ്ട് ഞെട്ടിയവരിൽ സി.പി.എം നേതാക്കൾ മാത്രമല്ല, കോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് ഒരു മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും അവർ ഏറെ ബുദ്ധിമുട്ടി. മേയറാകാമോ എന്ന് പല നേതാക്കളോടും കോൺഗ്രസ് നേതൃത്വം ആരാഞ്ഞെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറി. ഒടുവിൽ എ.കെ. ഹഫീസ് എന്ന അത്ര സുപരിചിതനല്ലാത്തയാളെ നിർബ്ബന്ധിച്ചാണ് മേയർ സ്ഥാനാർത്ഥിയാക്കിയത്. വെറുതെ മത്സരിക്കാമെന്ന് കരുതി മത്സരിച്ച ഹഫീസ് ഫലം പ്രഖ്യാപിച്ചപ്പോൾ ഞെട്ടി. കാൽ നൂറ്റാണ്ടായി ഇടതുമുന്നണി ഭരിക്കുന്ന കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കുക അത്ര എളുപ്പമല്ലെന്ന സംശയമായിരുന്നു എല്ലാ കോൺഗ്രസുകാർക്കും. പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ കണക്കു കൂട്ടലുകൾക്കും വിലയിരുത്തലിനും അപ്പുറമാണ് ജനവിധി എന്നതിന്റെ കൂടി ഉത്തമോദാഹരണമാണ് കൊല്ലത്തെ ഫലം.
പ്രതിപക്ഷമേ ഉണ്ടാകില്ലെന്ന് !
കൊല്ലത്തെ തിരഞ്ഞെടുപ്പ് ജയം സംബന്ധിച്ചും ലഭിക്കാൻ പോകുന്ന വോട്ടിനെക്കുറിച്ചും ജില്ലയിലെ പാർട്ടി ഘടകങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് തന്ന റിപ്പോർട്ടുകൾ തികഞ്ഞ അസംബന്ധമായിരുന്നുവെന്നാണ് ജനറൽ ബോഡി യോഗത്തിൽ എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തിയത്. കൊല്ലം കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് താൻ രണ്ട് തവണ ഇവിടെ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷമേ ഇല്ലാത്ത നിലയിൽ കോർപ്പറേഷൻ ഭരണം എൽ.ഡി.എഫ് നിലനിർത്തുമെന്നാണ് നേതാക്കൾ ഒന്നടങ്കം പറഞ്ഞത്. ഉത്തരവാദപ്പെട്ട സഖാക്കളാണത് പറഞ്ഞത്. അത് വിശ്വസിച്ച താൻ, കൊല്ലത്ത് പ്രതിപക്ഷമില്ലാത്ത ഭരണമാണ് വരാൻ പോകുന്നതെന്ന് പല ജില്ലാ കമ്മിറ്റികളിലും പോയി പ്രസംഗിച്ചു. പക്ഷേ ഫലം വന്നപ്പോൾ നേരത്തെ തന്ന കണക്കുമായി അതിന് ഒരു ബന്ധവും ഇല്ലായിരുന്നു. സി.പി.എം നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ കോർപ്പറേഷൻ ഭരണത്തെ വിമർശിച്ച ഗോവിന്ദൻ, കോർപ്പറേഷൻ ഭരണത്തിന് പൊതു സ്വീകാര്യതയില്ലായിരുന്നുവെന്നും സ്ഥാനാർത്ഥി നിർണയത്തിലടക്കം പാളിച്ചയുണ്ടായെന്നും പറഞ്ഞു. നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാനിറങ്ങിയതോടെ പ്രചാരണം നയിക്കാൻ ആളില്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മേയർ സ്ഥാനാർത്ഥി ഇറങ്ങിപ്പോയി
തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് മേയർ സ്ഥാനാർത്ഥിയായിരുന്ന വി.കെ. അനിരുദ്ധൻ ഇറങ്ങിപ്പോയത് അസാധാരണ നടപടിയായി. പരാജയ കാരണം വിലയിരുത്തുന്ന റിവ്യു റിപ്പോർട്ടിലെ പരാമർശങ്ങൾ തനിക്ക് അപമാനകരമാണെന്ന് വെട്ടിത്തുറന്ന് പറഞ്ഞാണ് ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ അനിരുദ്ധൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞായിരുന്നു ഇറങ്ങിപ്പോക്ക്. പാർട്ടി സംസ്ഥാന സെക്രട്ടറി പങ്കെടുത്ത കമ്മിറ്റിയിൽ നിന്ന് മുതിർന്ന നേതാവ് ഇറങ്ങിപ്പോയത് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയെ ഞെട്ടിക്കുന്നതായി. ഗോവിന്ദനു പുറമെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ എന്നിവരും പങ്കെടുത്ത ജില്ലാ കമ്മിറ്റി- ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ജനകീയ പിന്തുണയുള്ള പൊതു സ്വീകാര്യനെ ഉയർത്തിക്കാട്ടാൻ കഴിയാതിരുന്നതാണ് കാൽ നൂറ്റാണ്ട് കാലത്തിനു ശേഷം ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിവ്യു റിപ്പോർട്ടിലെ പരാമർശമാണ് അനിരുദ്ധനെ പ്രകോപിപ്പിച്ചത്. റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങിയതോടെ 'ഞാൻ തീർത്തും ജനപ്രിയനല്ലാത്ത ആളാണോ" എന്ന് ചോദിച്ച അനിരുദ്ധൻ വൈകാരികമായാണ് സംസാരിച്ചത്. വി.സാംബശിവന്റെ കഥാപ്രസംഗം കേട്ട് പാർട്ടിയിലേക്ക് ആകർഷിച്ച ആളാണ് താൻ. അന്ന് മുതൽ അടിയുറച്ച പാർട്ടി പ്രവർത്തകനാണ്. മേയറാകാൻ താൻ യോഗ്യനല്ലെന്ന് എം.വി. ഗോവിന്ദൻ ഉൾപ്പെടെ കണ്ടെത്തിയ സ്ഥിതിക്ക് താനിനി സജീവ രാഷ്ട്രീയത്തിൽ ഇല്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ അനിരുദ്ധനെ അനുനയിപ്പിക്കാൻ മറ്റു നേതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. എന്നാൽ പാർട്ടി നടപടി നേരിടേണ്ടി വരുമെന്നുറപ്പായതോടെ യോഗത്തിൽ നിന്ന് താൻ ഇറങ്ങിപ്പോയതല്ലെന്നും വ്യക്തിപരമായ അത്യാവശ്യം ഉണ്ടായിരുന്നതിനാൽ അനുവാദം വാങ്ങിയാണ് പോയതെന്നുമുള്ള ന്യായീകരണമാണ് അനിരുദ്ധൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
സ്ഥാനാർത്ഥി നിർണയത്തിൽ പോരായ്മ
എന്ത് വന്നാലും പാർട്ടി ജയിക്കും എന്ന അമിത ആത്മവിശ്വാസത്തിൽ നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാനിറങ്ങിയതാണ് കൊല്ലത്തെ ദയനീയ തോൽവിക്ക് കാരണമെന്ന് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിവ്യു റിപ്പോർട്ടിലെ പരാമർശം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ റിവ്യു റിപ്പോർട്ടിലും ഇക്കാര്യം അടിവരയിടുന്നു. മേയർ സ്ഥാനത്തേക്ക് മാത്രമല്ല, പലയിടത്തും പൊതുസമ്മതരായ സ്ഥാനാർത്ഥികളെ കണ്ടെത്താനായില്ല. ജനപിന്തുണ എന്താണെന്ന് മനസ്സിലാക്കാൻ കഴിയാത്ത നേതാക്കൾ മത്സരിക്കാനിറങ്ങിയെന്നും സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കോർപ്പറേഷനിൽ തോറ്റെങ്കിലും കൊല്ലം ജില്ലയിലെ 11 ൽ 7 നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫിനാണ് മുൻതൂക്കമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം കൊല്ലത്തെ സി.പി.എമ്മിലെ പ്രമുഖരായ ചില നേതാക്കളോടുള്ള അമർഷവും പാർട്ടിക്കെതിരായ വോട്ടുകളായി മാറിയെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. കോർപ്പറേഷൻ ഭരണം കഴിഞ്ഞ കാൽ നൂറ്റാണ്ടായി കൈവശം ഉള്ളതിനാൽ ചില നേതാക്കൾ തികച്ചും ഭരണത്തിന്റെ നിയന്ത്രണം കൈവശം വയ്ക്കുന്ന സ്ഥിതിയിലെത്തി. ഇവരെ നിയന്ത്രിക്കാനോ തിരുത്താനോ ആർക്കും ധൈര്യമുണ്ടായില്ല. ഇത് പാർട്ടിക്കുള്ളിൽ തന്നെ വിരുദ്ധ വികാരം സൃഷ്ടിച്ചു. കൊല്ലത്ത് ഏറെ സ്വാധീനമുള്ള ഈഴവ സമുദായത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പാടെ അവഗണിച്ചതും തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലും ഉണ്ട്. ഈഴവ സമുദായത്തിന് മുൻതൂക്കമുള്ള ഡിവിഷനുകളിൽ ഇക്കുറി ആ വിഭാഗത്തിൽ നിന്നുള്ളവരെ അവഗണിച്ച് മറ്റു സമുദായത്തിൽ പെട്ടവരെ സ്ഥാനാർത്ഥിയാക്കി. അവരൊക്കെ ദയനീയമായി തോൽക്കുകയും ചെയ്തു. 56 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് വെറും 16 സീറ്റുകൾ മാത്രമായി ചുരുങ്ങി. ബി.ജെ.പി യുടെ വളർച്ചയും സി.പി.എമ്മിനെയാണ് പ്രതികൂലമായി ബാധിച്ചത്. ബി.ജെ.പി 6 സീറ്റിൽ നിന്ന് 12 സീറ്റിലേക്ക് കുതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |