
ആലപ്പുഴ: മെഡിക്കൽ കോളേജുകളിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഇനി താമസസൗകര്യം അന്വേഷിച്ച് അലയേണ്ട. സർക്കാരിന്റെ ആശ്വാസ് വാടക വീട് പദ്ധതി പ്രകാരം സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളേജുകളുടെ പരിസരത്തായി 500ഓളം പേർക്കുള്ള താമസസൗകര്യം ഉടൻ സജ്ജമാകും. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തൃശൂരിൽ ആരംഭിച്ച പദ്ധതി വിജയമായതിനു പിന്നാലെയാണ് കണ്ണൂർ, കോട്ടയം, ആലപ്പുഴ, മെഡിക്കൽ കോളേജുകളിലും ആശ്വാസ് വാടക വീട് പദ്ധതി നടപ്പാക്കുന്നത്.
അവസാന മിനുക്കുപണികളും അഗ്നിസുരക്ഷാ പരിശോധന ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയായാലുടൻ ബഹുനില മന്ദിരങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ചികിത്സാ രേഖകൾ ഹാജരാക്കുന്ന രോഗികൾക്ക് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നിശ്ചയിക്കുന്ന തുച്ഛമായ വാടകയ്ക്ക് താമസസൗകര്യം പ്രയോജനപ്പെടുത്താം. കുടുംബശ്രീയിലൂടെ മന്ദിരത്തിൽ ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് മന്ദിരങ്ങൾ തുറന്നുനൽകാനാണ് തീരുമാനം.
സാധാരണക്കാർക്ക് ആശ്വാസം
മെഡിക്കൽ കോളേജ് പരിസരങ്ങളിൽ അരയേക്കറോളം സ്ഥലത്ത് ബഹുനില കെട്ടിടങ്ങളിൽ ഒരേസമയം 100 പേർക്കുവരെ താമസിക്കാനുള്ള കിടക്കസൗകര്യമാണ് സജ്ജമാക്കുന്നത്. ബാത്ത് അറ്റാച്ച്ഡ് മുറികൾക്കു പുറമേ കിടക്ക സൗകര്യമുള്ള ഡോർമെട്രിയും ടവർ റൂമും സജ്ജമാക്കിയിട്ടുണ്ട്. ദൂരെ ജില്ലകളിൽ നിന്നു ചികിത്സ തേടിയെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും ഏറെ സഹായകമാകും.
സർക്കാർ സഹായം (കോടിയിൽ)
ആലപ്പുഴ: 5
തൃശൂർ: 4
കണ്ണൂർ: 6
കോട്ടയം: 8
നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. എത്രയും വേഗം പൊതുജനങ്ങൾക്കായി തുറന്നുനൽകുകയാണ് ലക്ഷ്യം.
- കേരള സംസ്ഥാന
ഭവന നിർമ്മാണ ബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |