
രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡിന് ജയം, മിച്ചലിനും രാഹുലിനും സെഞ്ച്വറി
രാജ്കോട്ട്: ഡാരിൽ മിച്ചലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 7 വിക്കറ്റിന് തോൽപ്പിച്ച് മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിൽ 1-1ന് ഒപ്പമെത്തി ന്യൂസിലാൻഡ്. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എൽ രാഹുലിന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 284 റൺസെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് 47.3 ഓവറിൽ 3 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (286/3).
മിന്നൽ മിച്ചൽ
ഓപ്പണർമാരായ ഡെവോൺ കോൺവേയേയും (16), ഹെൻറി നിക്കോളാസിനെയും (10) തുടക്കത്തിലേ നഷ്ടമായ ന്യൂസിലാൻഡിനെ മിച്ചലും (പുറത്താകാതെ 117 പന്തിൽ 131), വിൽ യംഗും (98 പന്തിൽ87) ചേർന്നാണ് വിജയവഴിയിൽ എത്തിച്ചത്. ഇന്ത്യൻ ഫീൽഡർമാടർ നഷ്‌ടമാക്കിയ അവസരങ്ങളും ഇരുവർക്കും അനുഗ്രഹമായി. കുൽദീപ് യാദവ് എറിഞ്ഞ 36-ാം ഓവറിൽ മൂന്ന് ചാൻസാണ് ഇന്ത്യൻ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. 42/2എന്ന നിലയിൽ ക്രീസിൽ |ഒന്നിച്ച ഇരുവരും മൂന്നാം വിക്കറ്റിൽ 152 പന്തിൽ 162 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോർ 208ൽ വച്ച് യംഗിനെ നിധീഷ് കുമാറിന്റെ കൈയിൽ എത്തിച്ച് കുൽദീപാണ് കൂട്ടുകെട്ട് പൊളിച്ചത്. പകരമെത്തിയ ഗ്ലെൻ ഫിലിപ്പിനൊപ്പം ( പുറത്താകാതെ 25 പന്തിൽ35) മിച്ചൽ പ്രശ്നങ്ങളില്ലാതെ ന്യൂസിലാൻഡിനെ വിജയതീരത്തെത്തിച്ചു. 11 ഫോറും 2 സിക്സും ഉള്‍പ്പെട്ടതാണ് മിച്ചലിന്റെ ഇന്നിംഗ്‌സ്. കുൽദീപിനെക്കൂടാതെ ഹർഷിതും പ്രസിദ്ധും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
വെൽഡൺ രാഹുൽ
നേരത്തേ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലിന്റെ (പുറത്താകാതെ 92 പന്തിൽ112) സെഞ്ച്വറിയും ക്യാപ്‌ടൻ ശുഭ്‌മാൻ ഗില്ലിന്റെ അർദ്ധ സെഞ്ച്വറിയുമാണ് (56) ഇന്ത്യൻ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. രോഹിത് (24), വിരാട് (23),ജഡേജ(27),നിതീഷ് (20),ശ്രേയസ് (2), ഹർഷിത് (2), സിറാജ് (പുറത്താകാതെ 2) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ പ്രകടനം. മുൻനിരക്കാർ മടങ്ങിയശേഷം അഞ്ചാം വിക്കറ്റിൽ ജഡേജയുമായി 73 റൺസിന്റെയും ആറാം വിക്കറ്റിൽ നിതീഷുമായി 57റൺസിന്റെയും 8-ാം വിക്കറ്റിൽ സിറാജുമായി 16 പന്തിൽ 28 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കിയാണ് രാഹുൽ ഇന്ത്യയെ മാന്യമായ സ്കോറിൽ എത്തിച്ചത്. ന്യൂസിലാൻഡിനായി ക്രിസ് ക്ലർക്ക് 3 വിക്കറ്റ് വീഴ്‌ത്തി.
ഇനി ഫൈനൽ
പരമ്പരയിലെ നിർണായകമായ മൂന്നാമത്തേയും അവസാനത്തേയും മത്സരം 18ന് ഇൻഡോറിൽ നടക്കും.
1-ന്യൂസിലാൻഡിനെതിരെ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി രാഹുൽ. രാജ്കോട്ടിലെ നിരഞ്ജൻഷാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരവും രാഹുലാണ്.
ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി വിരാട് കൊഹ്‌ലി. സച്ചിൻ ടെൻഡുൽക്കറെയാണ് (1750 റൺസ്,42 മത്സരം ) കൊഹ്‌ലി മറികടന്നത്.35 മത്സരങ്ങളിൽ നിന്ന് ഇന്നലത്തെ ഇന്നിംഗ്‌സോടെ കൊഹ്‌ലിയുടെ അക്കൗണ്ടിൽ 1751 റൺസായി.
മൂഡബിദ്രി: അഖിലേന്ത്യ അന്തർസർവകലാശാല അത് ലറ്റിക്സ് മീറ്റിന്റെ മൂന്നാംദിന കേരളത്തിലെ സർവകലാശാലകൾക്ക് നിരാശ.
കാലിക്കറ്റ് സർവകലാശാലയ്ക്കുവേണ്ടി എം. മനോജ്കുമാർ (8:48.80) പുരുഷ സ്റ്റീപ്പിൾ ചേസിൽ വെള്ളിയും ട്രിപ്പിൾജംപിൽ എം. ഡൊണാൾഡ് വെങ്കലവുമാണ് ഇന്നലെ കിട്ടിയത്.
മീറ്റ് മൂന്നാംദിനം പിന്നിട്ടപ്പോൾ ഓവറോൾ പോയിന്റ് പട്ടികയിൽ ആതിഥേയരായ മാംഗളൂർ സർവകലാശാലയാണ് 74 പോയിന്റുമായി മുന്നിലുള്ളത്.
ഡൽഹിക്ക് ആദ്യ ജയം
മുംബയ്: വനിതാ പ്രിമിയർ ലീഗിൽ ആവേശം അവസാന പന്ത് വരെ നീണ്ടമത്സരത്തിൽ യു.പി വാരിയേഴ്‌സിനെ 7 വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ് സീസണിലെ ആദ്യ ജയം നേടി.
ആദ്യം ബാറ്റ് ചെയ്ത യു.പി വാരിയേഴ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ154 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി അവസാന പന്തിൽ ലോറ വോൾവോർട്ട് നേടിയ ഫോറിൽ ജയത്തിലെത്തി (158/3). ലിസല്ലെ ലീയാണ് (44 പന്തിൽ 67) ഡൽഹിയുടെ ടോപ് സ്‌കോറർ. 36 റൺസും 2 വിക്കറ്റും വീഴ്‌ത്തിയ ഡൽഹിയുടെ ഷഫാലിയാണ് കളിയിലെ താരം.
നേരത്തേ മെഗ് ലാന്നിംഗിന്റെ (54) അർദ്ധ സെഞ്ച്വറിയും ഹർലീൻ ഡിയോളിന്റെ ബാറ്റിംഗുമാണ് (36 പന്തിൽ 47)യു.പി ഇന്നിംഗ്സിലെ ഹൈലൈറ്റ്.മെഗ്ലാന്നിംഗ് വനിതാ പ്രീമിയർ ലീഗിൽ 1000 റൺസ് തികച്ചു.
നന്നായി ബാറ്റ് ചെയ്യുകയായിരുന്ന ഹർലീൻ ഡിയോളിനെ 18-ാം ഓവറിന് മുൻപ് (36 പന്തിൽ47, റിട്ടയേർഡ് ഔട്ട്) കോച്ച്അഭിഷേക് നായർ തിരിച്ചു വിളിച്ചത് യു.പിക്ക് തിരിച്ചടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |