
മുംബയ് : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ യു.പി വാരിയേഴ്സ് ഏഴുവിക്കറ്റിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കി. മുംബയ് ഇന്ത്യൻസ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ 161/5 എന്ന സ്കോർ ഉയർത്തിയപ്പോൾ യു.പി 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 39 പന്തുകളിൽ 12 ബൗണ്ടറികളടക്കം പുറത്താകാതെ 64 റൺസ് നേടിയ ഹർലീൻ ഡിയോളാണ് യു.പിയുടെ സീസണിലെ ആദ്യ വിജയത്തിന് വഴിയൊരുക്കിയത്.25 റൺസ് വീതം നേടിയ മെഗ് ലാന്നിംഗും ഫോബീ ലിച്ച് ഫീൽഡും 27 റൺസ് നേടിയ കോൾ ടൈറണും വിജയത്തിന് പിന്തുണയേകി.
നേരത്തേ നാറ്റ് ഷീവർബ്രണ്ടിന്റെ അർദ്ധ സെഞ്ച്വറിയും (43 പന്തിൽ 65 റൺസ്) ഓപ്പണർ അമൻജോത് കൗർ (38), നിക്കോള കാരേ (32 നോട്ടൗട്ട്) എന്നിവരുടെ പിന്തുണയുമാണ് മുംബയ്‌യെ 161ലെത്തിച്ചത്. കഴിഞ്ഞകളികളിൽ അർദ്ധസെഞ്ച്വറി നേടിയിരുന്ന മുംബയ് ക്യാപ്ടൻ ഹർമൻജോത് കൗർ 16 റൺസെടുത്ത് പുറത്തായി. മലയാളി താരം സജന സജീവന് ഒരു റണ്ണേ നേടാനായുള്ളൂ.
ഈ സീസണിലെ യു.പി വാരിയേഴ്സിന്റെ ആദ്യ വിജയമാണിത്. നാലുകളിൽ ആദ്യ മൂന്നിലും യു.പി തോറ്റിരുന്നു.
സീസണിലെ മുംബയ്‌യുടെ രണ്ടാമത്തെ തോൽവി. രണ്ടുകളിൽ നിന്ന് നാലുപോയിന്റുമായി രണ്ടാം സ്ഥാനത്താണ് മുംബയ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |