
കേരള സന്തോഷ് ട്രോഫീ ടീമിനെ ജി. സഞ്ജു നയിക്കും
കൊച്ചി: സന്തോഷ് ട്രോഫി 79ാം പതിപ്പിൽ കേരളത്തെ ഇക്കുറിയും ജി. സഞ്ജു നയിക്കും. എറണാകുളം സ്വദേശിയായ പ്രതിരോധ താരത്തിന്റെ തുടർച്ചയായ അഞ്ചാം സന്തോഷ് ട്രോഫിയാണിത്. കഴിഞ്ഞവർഷം റണ്ണേഴ്സപ്പായ കേരള ടീമിന്റെ നായകനായിരുന്നു. കേരള പൊലീസ് താരമായ സഞ്ജു സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിയുടെ പ്രതിരോധ മുഖമാണ്. 22 അംഗ ടീമിൽ 9 പേർ പുതുമുഖങ്ങളാണ്. എസ്.എൽ.കെയിലെ മികച്ച പ്രകടനമാണ് പലർക്കും ടീമിലേക്ക് അവസരം തുറന്നത്. പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ടീമിനെ പ്രഖ്യാപിച്ചു.
ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച വയനാട് സ്വദേശി എം. ഷഫീഖ് ഹസനാണ് മുഖ്യപരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് സഹപരിശീലകൻ. മുൻ ഇന്ത്യൻ താരം കെ.ടി. ചാക്കോ ഗോൾകീപ്പിംഗ് കോച്ച്. ഫിസിയോ അഹമ്മദ് നിഹാൽ റഷീദ്, വീഡിയോ അനലിസ്റ്റ് കിരൺ നാരായണൻ എന്നിവരാണ് മറ്റ് ഓഫീഷ്യൽസ്. ചടങ്ങിൽ ടീം ജഴ്സിയും തീം സോംഗും പുറത്തിറക്കി.
ഏഴ് തവണ ചാമ്പ്യന്മാരായ കേരളം കഴിഞ്ഞ തവണ ഒരു ഗോളിന് നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനാണ് ഇത്തവണ അസമിലേക്ക് പുറപ്പെടുന്നത്. 21നാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന്റെ കിക്കോഫ്. 22ന് മുൻ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. അസമിലെ സിലാപത്തർ, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. കേരള ടീം 19ന് കൊച്ചിയിൽനിന്ന് പുറപ്പെടും.
ഗോൾകീപ്പർമാർ: ടി.വി. അൽകേഷ് രാജ് (തൃശൂർ), എസ്. അജ്മൽ (പാലക്കാട്), എം. മുഹമ്മദ് ജസീൻ (മലപ്പുറം)
പ്രതിരോധനിര: ജി. സഞ്ജു (എറണാകുളം), എം. മനോജ് (തിരുവനന്തപുരം), അജയ് അലക്സ് (എറണാകുളം), ബിബിൻ അജയൻ (എറണാകുളം), എസ്. സന്ദീപ് (മലപ്പുറം), അബ്ദുൾ ബാദിഷ് (മലപ്പുറം), തേജസ് കൃഷ്ണ (പാലക്കാട്)
മദ്ധ്യനിര: എം.എം. അർജുൻ (തൃശൂർ), വി. അർജുൻ (കോഴിക്കോട്), ഒ.എം. ആസിഫ് (എറണാകുളം), എം. വിഗ്നേഷ് (തിരുവനന്തപുരം), എൻ.എ. അബൂബക്കർ ദിൽഷാദ് (കാസർകോട്)
മുന്നേറ്റനിര: ടി. ഷിജിൻ (തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കോഴിക്കോട്), ഇ. സജീഷ് (പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), എം.പി. മുഹമ്മദ് സിനാൻ (പാലക്കാട്), ഇ. മുഹമ്മദ് ആഷിഖ് (മലപ്പുറം), എൻ.എ. മുഹമ്മദ് അഷർ (തൃശൂർ)
"കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കും. ആ ലക്ഷ്യം മുൻനിറുത്തിയായിരുന്നു പരിശീലനം.
എം. ഷഫീഖ് ഹസൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |