
ടെൽ അവീവ്: ഗാസയിലെ ഭരണം പാലസ്തീനിയൻ സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന സമിതിക്ക് (നാഷണൽ കമ്മിറ്റി) കൈമാറുമെന്ന് ഹമാസ്. ഗാസയിൽ വെടിനിറുത്തൽ കരാറിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് യു.എസ് പ്രഖ്യാപിച്ച പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. രാഷ്ട്രീയ പാർട്ടികളിൽ പെടാത്ത 15 പേരെയാണ് യു.എസിന്റെ മേൽനോട്ടത്തിൽ സമിതിയിൽ നിയമിച്ചിട്ടുള്ളത്.
പാലസ്തീനിയൻ അതോറിറ്റിയിലെ മുൻ മന്ത്രി അലി സാത്ത് ആണ് സമിതിയുടെ തലവൻ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അദ്ധ്യക്ഷതയിലെ സമാധാന ബോർഡിന് കീഴിലാകും സമിതിയുടെ പ്രവർത്തനം. ഔദ്യോഗികമായി ചുമതല കൈമാറുന്നത് സംബന്ധിച്ച തീരുമാനം ഹമാസ് വൈകാതെ അറിയിക്കും.
അതേ സമയം, ഹമാസ് അടക്കം പാലസ്തീനിയൻ ഗ്രൂപ്പുകളുടെ നിരായുധീകരണവും ഗാസയുടെ പുനർനിർമ്മാണവും രണ്ടാം ഘട്ടത്തിൽ തുടങ്ങുമെന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
പാലസ്തീനിയൻ പൊലീസിനെ രൂപപ്പെടുത്തി പരിശീലിപ്പിക്കാൻ താത്കാലിക അന്താരാഷ്ട്ര സേനയേയും ഗാസയിൽ വിന്യസിക്കും. ഗാസയിൽ ശേഷിക്കുന്ന ഒരു ഇസ്രയേലി ബന്ദിയുടെ മൃതദേഹം ഹമാസ് ഉടൻ വിട്ടുകൊടുക്കണമെന്നും നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്നും യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹമാസ് ആയുധം പൂർണമായും ഉപേക്ഷിക്കാൻ തയ്യാറാകുമോ എന്നത് സംശയനിഴലിലാണ്. പാലസ്തീനിയൻ രാഷ്ട്രം നിലവിൽ വരാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ചില ഹമാസ് അംഗങ്ങൾ. ഈജിപ്റ്റ്, ഖത്തർ, യു.എസ് എന്നിവർ ഇക്കാര്യത്തിൽ ചർച്ചകൾ തുടരുന്നുണ്ട്.
നിലവിൽ ഗാസയുടെ 53 ശതമാനം ഇസ്രയേൽ നിയന്ത്രണത്തിലാണ്. ഹമാസ് ആയുധം ഉപേക്ഷിക്കുന്നത് അനുസരിച്ചാകും ഇസ്രയേൽ സേനയുടെ പിന്മാറ്റം. രണ്ട് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ ഒക്ടോബർ 10നാണ് ട്രംപ് ആവിഷ്കരിച്ച പദ്ധതി പ്രകാരം ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |