
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കുരുക്ക് മുറുകുന്നു. വാജി വാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് സൂചിപ്പിക്കുന്ന ഉത്തരവ് പുറത്തുവന്നതാണ് കേസിൽ നിർണായകമാകുന്നത്. 2012ൽ ബോർഡ് കമ്മിഷണറായിരുന്ന എൻ വാസു പുറത്തിറക്കിയ ഉത്തരവാണിത്. ഇത് സർക്കുലറായി എല്ലാ ഓഫീസുകളിലും എത്തിയിട്ടുണ്ട്.
പുതിയത് സ്ഥാപിക്കുമ്പോൾ പഴയ വസ്തുക്കൾ ക്ഷേത്രത്തിന്റെ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ഉത്തരവിലുള്ളത്. പഴയത് ദേവസ്വത്തിന്റെ തന്നെ സ്വത്തായിരിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇത് നിലനിൽക്കേയാണ് കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണനും ബോർഡ് അംഗമായിരുന്ന അജയ് തറയിലും ചേർന്ന് തന്ത്രി കണ്‌ഠരര് രാജീവർക്ക് കൈമാറിയത്. ഇതിന് ദേവസ്വം ഉദ്യോഗസ്ഥരും സാക്ഷിയാണ്.
പഞ്ചലോഹത്തിൽ നിർമ്മിച്ച് തങ്കംപൊതിഞ്ഞതാണ് വാജിവാഹനം. കൊടിമരത്തിന്റെ ചുവടുഭാഗം ദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് 2017ഫെബ്രുവരിയിൽ പഴയത് മാറ്റിയത്. തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്ത വാജിവാഹനം എസ്.ഐ.ടി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
അതേസമയം താന്ത്രിക വിധിപ്രകാരമാണ് വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നും ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും അജയ് തറയിൽ പ്രതികരിച്ചു. ഉപേക്ഷിക്കപ്പെടുന്ന ബിംബങ്ങൾ ലോഹമാണെങ്കിൽ ആചാര്യന് നൽകണമെന്നാണ് താന്ത്രിക വിധിയിൽ പറയുന്നത്. ഇതിന് ഉത്തരവിന്റെ ആവശ്യമില്ല. ക്ഷേത്രങ്ങളിൽ കീഴ്‌വഴക്കങ്ങളും ആചാരങ്ങളുമാണ് നടപ്പിലാക്കുന്നത്. ധാരാളം ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ തന്ത്രിമാർ വാജി വാഹനം കൊണ്ടുപോയിട്ടുണ്ടെന്നും അജയ് തറയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |