
തൃശൂർ : ചിരിച്ച മുഖവുമായി നന്ദന ചുവടുവെച്ചപ്പോൾ അമ്മ ശ്രീജ പ്രാർത്ഥനയിലാണ്ടു. ചുവടൊന്നു പിഴച്ചാൽ പ്രതീക്ഷകളിൽ ഇരുട്ട് വീഴും. മൂന്നാർ രണ്ടാം മൈലിൽ ഹോട്ടൽ നടത്തി കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനോടുന്ന അമ്മ. കടബാദ്ധ്യത കുന്നുകൂടുമ്പോഴും മകളെ ഉയരത്തിലെത്തിക്കാൻ പിച്ചയെടുക്കാമെന്ന് കലങ്ങിയ കണ്ണുകളോടെ അവർ മന്ത്രിച്ചു. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ നന്ദന അശോക് രാജ് ആദ്യമായാണ് കുച്ചുപ്പുടിയുമായി കലോത്സവ വേദിയിലെത്തി എ ഗ്രേഡ് നേടുന്നത്. സി.ബി.എസ്.ഇ കലോത്സവത്തിൽ ഭാരതനാട്യത്തിൽ സംസ്ഥാനത്ത് എ ഗ്രേഡ് നേടി. കലാകാരിയായ ചേച്ചി മോനിഷയെ കണ്ടാണ് വളർന്നത്. നാലാം ക്ലാസ് മുതൽ നൃത്തം അഭ്യസിക്കാൻ തുടങ്ങി. ഇതിനിടയിൽ അച്ഛനും അമ്മയും വേർപിരിഞ്ഞത് ജീവിതം ഇരുട്ടിലാക്കി. ജീവിതപ്രാരാബ്ധങ്ങളിൽ ഒറ്റപ്പെട്ടുപോയ ശ്രീജ മൂന്നാർ രണ്ടാം മൈലിൽ ഒരു ചെറിയ ചായക്കട ആരംഭിച്ചു.
സബ് ജില്ല, ജില്ല മത്സരങ്ങൾക്കായി മൂന്ന് ലക്ഷത്തോളം ചെലവായി. പലരോടും കടം വാങ്ങി തുക കണ്ടെത്തി. ഗുരുനാഥനായ ഡോ.കുമാറിന്റെ സഹായവും കൂടെയുണ്ടായിരുന്നു. രാത്രി പത്തിന് ഹോട്ടലിലെ ജോലി കഴിഞ്ഞാണ് ശ്രീജ മകളെ ഡാൻസ് പരിശീലനത്തിനായി കൊണ്ടുപോയത്. തിരിച്ചു വരുമ്പോഴേക്കും മണി ഒന്ന് കഴിഞ്ഞിരിക്കും. രാവിലെ എഴുന്നേറ്റ് വീണ്ടും പരിശീലനം. നന്ദനയുടെ ചേച്ചി മോനിഷ ഭരതനാട്യം പഠിച്ചിരുന്നെങ്കിലും സംസ്ഥാന കലോത്സവ വേദികളിൽ എത്തിയിരുന്നില്ല.
@ഡോക്ടർ ആകണം
രാവന്തിയോളം പണിയെടുത്ത് കഷ്ടപ്പെടുന്ന അമ്മയ്ക്കായി ഒരു ഡോക്ടർ ആകണമെന്നാണ് നന്ദനയുടെ ആഗ്രഹം. ഒപ്പം തങ്ങളുടെ കടങ്ങളും വീട്ടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |