ബെയ്ജിംഗ്:ഇന്ത്യയും ചൈനയും പരസ്‌പര പൊരുത്തമുള്ള പങ്കാളികളായി കൈകോർത്തു മുന്നേറണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞു.
'എന്തൊക്കെയായാലും ഇന്ത്യയും ചൈനയും നല്ല അയൽക്കാരായി തുടരേണ്ടതുണ്ട്. വികസനത്തിൽ പരസ്പരം ശരിയായ കാഴ്ചപ്പാടുണ്ടാക്കുകയും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കുകയും വേണം' രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനു ശേഷം ചൈനയിൽ തിരിച്ചെത്തിയശേഷം പുറപ്പെടുവിച്ച പ്രസ്‌താവനയിൽ ഷി ജിൻപിംഗ് പറഞ്ഞു.
വ്യാളിയും ആനയുമൊത്തുള്ള നൃത്തമാണ് ഇന്ത്യയുടെയും ചൈനയുടെയും മുന്നിലുള്ള വഴി. അതാണ് ഇരുരാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും മൗലികമായ താത്പര്യം. ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രതീകാത്മകമായി സൂചിപ്പിച്ചു.
ഇരുരാജ്യങ്ങളുടെയും വ്യത്യസ്തതകൾ ശരിയായ രീതിയിൽ കാണേണ്ടതുണ്ട്. ഉഭയകക്ഷി ബന്ധത്തിനായി അതിൽ നമ്മൾ വെള്ളം ചേർക്കരുത്. അതേസമയം ആശയ വിനിമയത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും സുഹൃത്തുക്കളെപ്പോലെ ഹൃദയംകൊണ്ട് സംസാരിച്ചെന്ന് ഷി ജിൻപിംഗ് കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന ഉന്നതതല ചർച്ചയിൽ പരാമർശിച്ചിരുന്നു.
''ചൈനീസ് സർക്കാരിന്റെ പ്രതിനിധികളോട് പ്രധാനമന്ത്രി മോദിയും ഇന്ത്യൻ സർക്കാരും തമിഴ്നാട്ടിലെ ജനങ്ങളും സൗഹാർദ്ദപരമായ സമീപനമാണ് പുലർത്തുന്നതെന്ന് മനസിലായി. നിങ്ങളുടെ ആതിഥ്യമര്യാദ ഞങ്ങളെ വല്ലാതെ കീഴ്‌പ്പെടുത്തി. ഇക്കാര്യത്തിൽ എനിക്കും എന്റെ സഹപ്രവർത്തകർക്കും വലിയ സന്തോഷമുണ്ട്. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണിത്''- ഷി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |