
തൃശൂർ: അമ്മയുടെ സ്നേഹചുംബനമോ അച്ഛന്റെ കരുതലോ കിട്ടാതെ തെരുവിലെ ദുരിതകാലം. ഒടുവിൽ ചിൽഡ്രൻസ് ഹോമിലെ ബാല്യം. കലോത്സവ വേദിയിൽ വീട് നഷ്ടപ്പെട്ടവരുടെ വേദന അവതരിപ്പിച്ച് എ ഗ്രേഡ് നേടുമ്പോഴും പിന്നിട്ടകാലത്തെ ക്രൂരമായ ഓർമ്മകളായിരുന്നു തലശേരി സർക്കാർ ചിൽഡ്രൻസ് ഹോമിലെ പത്താം ക്ലാസുകാരൻ ശ്രീകൃഷ്ണന്റെ മനസിൽ തികട്ടിവന്നത്.
ആറും ഏഴു വയസുള്ളപ്പോൾ അനാഥരാക്കപ്പെട്ട ശ്രീകൃഷ്ണനും ജ്യേഷ്ഠൻ പരമേശ്വരനും. കർണാടകയിലാണ് വേരുകൾ. തെരുവിൽ നിന്ന് വൈകാതെ ചിൽഡ്രൻസ് ഹോമെന്ന തണൽ. പറയാൻ സർക്കാർ വിലാസം. ഇപ്പോൾ ഇരുവരും ചിറക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്തിലും പ്ലസ്‌വണ്ണിലും. ചിൽഡ്രൻസ് ഹോമിൽ 26 അന്തേവാസികൾ. ശ്രീകൃഷ്ണൻ ഇളയ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുക്കും. പഠിക്കാൻ മിടുക്കൻ. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടുമെന്നാണ് അദ്ധ്യാപകരുടെ പ്രതീക്ഷ. ജ്യേഷ്ഠൻ പരമേശ്വരൻ ഒമ്പത് എ പ്ലസുമായി പ്ലസ് ടുവിലെത്തി. ജില്ലാതലത്തിൽ ഹയർ സെക്കൻഡറി മോണോ ആക്ടിൽ എ ഗ്രേഡും നേടി. പരിശീലകരുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രേരണയാണ് ഇവർക്ക് കലാവേദി. ചിൽഡ്രൻസ് ഹോമിൽ പുതിയ കുട്ടിയെത്തിയാൽ കൂട്ടുകൂടൽ പരിപാടിയുണ്ടാകും. ചിലർ പാട്ടുപാടും, നൃത്തം ചെയ്യും. അങ്ങനെയൊരു വേളയിലാണ് ഇരുവരുടെയും പ്രതിഭ തിരിച്ചറിഞ്ഞത്. കെയർടേക്കർ ശ്രീലേഷാണ് എല്ലാറ്റിനും ആശ്രയം. മുമ്പ് ഇതേ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്നു ശ്രീലേഷ് അവിടെ കെയർടേക്കറായത് മറ്റൊരുപുണ്യം. ഇന്ന് സർക്കാർ ജീവനക്കാരനായി തന്നെപ്പോലെ അനാഥരായി ജീവിക്കുന്നവർക്ക് കരുതലാകുന്നു. ആ കുട്ടികളുടെ കഴിവുകൾക്കാപ്പം സഞ്ചരിക്കുന്നു.
'' ഞാൻ അനുഭവിച്ച ഏകാന്തത, ആരുമില്ലായ്മയുടെ വേദന കുട്ടികൾക്ക് തോന്നരുതെന്നാണ് ആഗ്രഹം, ''
ശ്രീലേഷ്
ചിൽഡ്രൻസ് ഹോമിലെത്തുന്ന എല്ലാ കുട്ടികളിലും കഴിവുകളുണ്ട്. അത് തിരിച്ചറിഞ്ഞ് വഴികാണിച്ചു വിടുകയാണ് ദൗത്യം.''
സൂപ്രണ്ട് അഷ്‌റഫ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |