
കടയ്ക്കൽ : ചടയമംഗലം എക്‌സൈസ് റേഞ്ച് പാർട്ടിയും കൊല്ലം എക്‌സൈസ് ഇന്റലിജൻസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 52 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിലായി. മാങ്കോട് വില്ലേജിൽ കണ്ണങ്കോട് അപ്പുപ്പൻകാവിന് സമീപം താമസിക്കുന്ന പെരിങ്ങാട് ദേശം പാൽകുളം വീട്ടിൽ ബാബു റാവുത്തറാണ് പിടിയിലായത്. ഉത്സവകാലമായതിനാൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന കിഴക്കൻ പ്രദേശങ്ങളിൽ വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് മേധാവി വി.റോബർട്ടിന്റെ നിർദേശത്തെ തുടർന്ന് ഒരാഴ്ചയായി ഈ മേഖല എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. അങ്ങാടി മരുന്നുകളും പഴവർഗ്ഗങ്ങളും ചേർത്ത് വാറ്റിയെടുക്കുന്ന ചാരായം കന്നാസുകളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുന്ന രീതിയിലാണ് പ്രതി കൃത്യം നടത്തിയിരുന്നത്. അതീവ രഹസ്യമായി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെ എത്തി ചാരായം വാങ്ങിയിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം.നൗഷാദിന്റെ നിർദ്ദേശപ്രകാരം ചടയമംഗലം റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എ.എൻ.ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ എ.ഐ ആൻഡ് ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജോൺ ജെ, പ്രിവന്റീവ് ഓഫീസർമാരായ ബിനു , സനിൽ കുമാർ, എ. സബീർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയേഷ്, മാസ്റ്റർ ചന്തു, ശ്രേയസ്സ് ഉമേഷ്, രാഹുൽ ദാസ്, നന്ദു എസ്. സജീവൻ, ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |