
നവി മുംബയ് : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ 32 റൺസിന് തോൽപ്പിച്ച റോയൽ ചലഞ്ചേഴ്സ് ബെംഗളുരു വനിതകൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്നലെ ആദ്യ ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ 182/7 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഗുജറാത്തിന് 18.5 ഓവറിൽ 150 റൺസേ നേടാനായുള്ളൂ
രാധായാദവ് (66), റിച്ച ഘോഷ് (44),നാദീൻ ഡി ക്ലർക്ക് (26) എന്നിവരുടെ ബാറ്റിംഗാണ് ആർ.സി.ബിയെ ഈ സ്കോറിലേക്ക് എത്തിച്ചത്. ഗ്രേസ് ഹാരിസ് (17),ക്യാപ്ടൻ സ്മൃതി മാന്ഥന (5), ദയാളൻ ഹേമലത(4), ഗൗതമി നായ്ക്ക് (9) എന്നിവർ പുറത്തായി 43/4 ൽ നിൽക്കുമ്പോഴാണ് റിച്ചയും രാധയും ക്രീസിൽ ഒരുമിച്ചത്. അഞ്ചാം വിക്കറ്റിൽ 66 പന്തുകളിൽ നിന്ന് ഇരുവരും അടിച്ചുകൂട്ടിയ 105 റൺസാണ് കളിയുടെ ഗതിമാറ്റിക്കളഞ്ഞത്.
ഗുജറാത്തിനായി സോഫീ ഡെവിൻ മൂന്ന് വിക്കറ്റും കാശ്‌വീ ഗൗതം രണ്ടുവിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ ഗുജറാത്ത് നിരയിൽ ബേത്ത് മൂണി (27), ഭാർത്തി ഫുൽമലി (39), തനുജ കൻവാർ (21),കാശ്‌വീ ഗൗതം (18) എന്നിവർക്ക് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ശ്രേയാങ്ക പാട്ടീലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോറൻ ബെല്ലും ചേർന്നാണ് ഗുജറാത്തിനെ എറിഞ്ഞൊതുക്കിയത്.
മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ച് ആറു പോയിന്റുമായാണ് ആർ.സി.ബി ഒന്നാമതുള്ളത്.
നാലുമത്സരങ്ങളിൽ നിന്ന് നാലുപോയിന്റുള്ള മുംബയ് ഇന്ത്യൻസാണ് രണ്ടാമത്.
നാലുമത്സരങ്ങളിൽ നിന്ന് നാലുപോയിന്റുമായി ഗുജറാത്ത് ജയന്റ് മൂന്നാം സ്ഥാനത്ത്.
നാലാം സ്ഥാനത്തുള്ള ഡൽഹി ക്യാപ്പിറ്റൽസിന് മൂന്ന് കളികളിൽ നിന്ന് രണ്ട് പോയിന്റേയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |