
തിരുവനന്തപുരം: സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെത്തുടർന്ന് ആൽത്തറ വിനീഷ് വധക്കേസിലെ 11 പ്രതികളെയും കോടതി വെറുതേ വിട്ടു. 19 സ്വതന്ത്ര സാക്ഷികളാണ് കൂറുമാറിയത്. അഞ്ചാം അഡിഷണൽ സെഷൻസ് ജഡ്ജി സിജു ഷേഖാണ് പ്രതികളെ വിട്ടയച്ചത്. പ്രതികൾക്ക് കൊലപാതകത്തിലെ പങ്ക് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. കേരളത്തിലെ ആദ്യ വനിതാ ഗുണ്ടയായ ശോഭാ ജോൺ അടക്കമുള്ള പ്രതികളെയാണ് വിട്ടയച്ചത്. കേസിലെ മൂന്നാം പ്രതിയാണ് മുട്ടട കണ്ണാട്ടുമൂല ചെഷർ ഹോമിന് സമീപം താമസിക്കുന്ന ശോഭാജോൺ.
മരുതുംകുഴി തച്ചങ്കരി വീട്ടിൽ അനിൽ കുമാർ, രവിശങ്കർ ആശ്രമത്തിന് സമീപം താമസക്കാരനായ പൂക്കടരാജൻ എന്ന രാജേന്ദ്രൻ, ശ്രീവരാഹം ശാരദാലയത്തിൽ ചന്ദ്രബോസ്, ചെഞ്ചേരി കുറുങ്കുളം ഭഗവതി ക്ഷേത്രത്തിന് സമീപം അപ്പു രതീഷ് എന്ന രതീഷ്, മുടവൻമുകൾ ചുള്ളമുക്ക് സജു, മരുതുംകുഴി കൊല്ലക്കുഴി പണയിൽ സുരേഷ്, കരകുളം കാണിക്കൽ പുന്നകുന്ന് മൈത്രീ നഗറിൽ വിമൽ, ശാസ്തമംഗലം കുറുപ്പ്‌സ് ലെയ്നിൽ കൃഷ്ണകുമാർ, നേമം കുളക്കുടിയാർ കോണം ഗീതാഭവനിൽ വിനോദ്, കാഞ്ഞിരംപാറ വി.കെ.പി നഗർ രാധാകൃഷ്ണൻ എന്നിവരെയാണ് വിട്ടയച്ചത്.
അനിയുടെ സഹോദരൻ തമ്പാൻ എന്ന ശ്രീകുമാറിനെ 2006 ഫെബ്രുവരി 27 ന് ശാസ്തമംഗലം ഹൈനസ് ബാറിന് മുന്നിലിട്ട് വിനീഷും കൂട്ടരും കൊലപ്പെടുത്തിയിരുന്നു. പൂക്കടരാജന്റെ സഹോദരൻ സന്തോഷ് കുമാറിനെ 2008 ജൂലായ് 11ന് മരുതുംകുഴിയിൽവച്ച് വിനീഷും കൂട്ടരും കൊലപ്പെടുത്തി. തമ്പാനെ കൊലപ്പെടുത്തിയ കേസിലെ 11-ാം സാക്ഷിയായിരുന്നു ശോഭാ ജോൺ. അനിയുടെ ബിസിനസ് പങ്കാളിയുമാണ് ശോഭ. വിനീഷിന്റെ പങ്കാളികളും ഉറ്റ സുഹൃത്തുക്കളുമായ മരുതുംകുഴി അമ്പിളി, ഡിങ്കൻ, ബിനു, റിയാസ്, കണ്ണൻ എന്നിവർക്കെതിരെ ശോഭ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. സന്തോഷ് വധക്കേസിൽ ജയിലിലായിരുന്ന വിനീഷ്, അമ്പിളിയുടെ സഹായത്തോടെ പുറത്തിറങ്ങിയത് അനിയെയും ശോഭ ജോണിനെയും കൊലപ്പെടുത്താനാണെന്ന് പ്രതികൾ ഭയന്നിരുന്നു. ഇതാണ് വിനീഷിന്റെ കൊലയിലേക്ക് നയിച്ചത്.വിനീഷിന്റെ കൂട്ടാളികളും ശോഭയുടെ സംഘാംഗങ്ങളും പരസ്പരം പ്രതികളായ കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയത്.
2009 ജൂൺ ഒന്നിന് പകൽ 11നാണ് വെള്ളയമ്പലം ആൽത്തറ ജംഗ്ഷന് സമീപം വച്ച് വിനീഷിനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു കൊലപാതക ശ്രമക്കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സി.ഐക്ക് മുന്നിൽ ഹാജരായി ബൈക്കിൽ മടങ്ങിയ വിനീഷിനെ അപ്പു രതീഷ് ഓടിച്ചിരുന്ന കാർ കൊണ്ട് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. മറ്റൊരു വാഹനത്തിലെത്തിയ വിനോദ് മുളകുപൊടി എറിയുകയും രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ അനിയും കൂട്ടു പ്രതികളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൃഷ്ണകുമാറാണ് മ്യൂസിയം സ്റ്റേഷൻ മുതൽ വിനീഷിന്റെ ഓരോ നീക്കവും അപ്പപ്പോൾ പ്രതികളെ അറിയിച്ചിരുന്നത്. നാല് ദൃക്‌സാക്ഷികളിൽ ഒരാൾ മരണപ്പെടുകയും മൂന്നുപേർ സംഭവം കണ്ടില്ലെന്ന് മൊഴി നൽകുകയും ആയുധങ്ങൾ തിരിച്ചറിയാതിരിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |