
ന്യൂഡൽഹി: മുംബയ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ധാരാവി വാർഡിൽ മത്സരിച്ച് മിന്നുംവിജയം നേടി തൃശൂർക്കാരൻ. ഇരിങ്ങാലക്കുടക്കാരനായ ജഗദീഷ് തൈവളപ്പിലാണ് 3400 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയെ മലർത്തിയടിച്ചത്. തനിക്കെതിരെ ബിജെപി പ്രമുഖ മുഖങ്ങളെ പ്രചാരണത്തിനായി എത്തിച്ചെങ്കിലും സാധാരണക്കാരാണ് രക്ഷിച്ചതെന്നും അദ്ദേഹം മലയാള മാദ്ധ്യമങ്ങളോട് പറഞ്ഞു. ധാരാവിക്കാരുടെ ജഗദീഷ് ഭായ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരത്തിനിറങ്ങിയത്.
2017ലെ തിരഞ്ഞെടുപ്പിൽ 400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജഗദീഷ് വിജയിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിഡ്, തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റും നടിയുമായ ഖുഷ്‌ബു, ബിജെപി നേതാവ് അണ്ണാമലൈ എന്നിവരും ഇത്തവണ ധാരാവിയിൽ പ്രചാരണത്തിനായി എത്തിയിരുന്നു. ജനങ്ങൾ പാർട്ടി നോക്കിയല്ല വോട്ട് ചെയ്തതെന്നും ജഗദീഷ് പറഞ്ഞു.
40 വർഷം മുൻപാണ് ജഗദീഷ് ജീവിതം കെട്ടിപ്പടുക്കാൻ തൊഴിൽ തേടി മുംബയിലെത്തിയത്. ഇതിനിടയിലാണ് സുഹൃത്തുക്കളുടെ താൽപര്യത്തിനനുസരിച്ച് രാഷ്ട്രീയത്തിലിറങ്ങിയത്. 2017ൽ ശിവസേനയുടെ സ്ഥാനാർത്ഥിയായായാണ് കോർപ്പറേഷനിൽ മത്സരിച്ചത്. ബിജെപി, ഷിൻഡെ വിഭാഗത്തിൽ നിന്നും വലിയ സാമ്പത്തിക വാഗ്ദാനങ്ങളുണ്ടായപ്പോഴും ഉദ്ധവിനൊപ്പം ആത്മാർത്ഥമായി ഉറച്ചുനിന്നു. 52,000 വോട്ടർമാരുള്ള വാർഡിൽ ജഗദീഷിന്റെ പ്രധാന എതിരാളി ബിജെപിയായിരുന്നു.
അതേസമയം, ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണിയാണ് മുംബയ് കോർപ്പറേഷൻ ഇത്തവണ പിടിച്ചെടുത്തത്. ചരിത്രത്തിൽ ആദ്യമായി മുംബയിൽ ബിജെപി മേയർ വരും. മഹാരാഷ്‌ട്രയിലെ 29 കോർപ്പറേഷനുകളിൽ 25ലും മഹായുതിക്കാണ് ഭൂരിപക്ഷം. 1970കൾ മുതലുള്ള ശിവസേന ആധിപത്യം അവസാനിപ്പിച്ച് മുംബയ് കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ കക്ഷിയായി. നവനിർമ്മാൺ സേനയുമായി (എം.എൻ.എസ്) കൈകോർത്ത ശിവസേന (ഉദ്ധവ്) വിഭാഗത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മഹായുതി മറികടന്നത്. 2022ലെ പിളർപ്പിനുശേഷം എൻഡിഎയിൽ ചേർന്ന ശിവസേന(ഷിൻഡെ) പക്ഷവുമായി ചേർന്ന് ബിജെപി കോർപ്പറേഷൻ ഭരിക്കും. മുംബയ് ഒഴികെ കോർപ്പറേഷനുകളിൽ എം.എൻ.എസുമായുള്ള സഖ്യം ശിവസേനയ്‌ക്ക്(ഉദ്ധവ്) തുണയായില്ല. മഹായുതിയുടെ ഭാഗമായ ശിവസേന(ഷിൻഡെ) മറ്റ് കോർപ്പറേഷനുകളിൽ നേട്ടമുണ്ടാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |