
മുംബയ്: ഏഷ്യയിലെ ഏറ്റവും വലിയ തദ്ദേശസ്ഥാപനമായ ബൃഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ഭരണം പിടിച്ചെടുത്ത് ബിജെപി- ശിവസേന (ഷിൻഡെ) സഖ്യം. വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും അഭിനന്ദിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് രംഗത്തെത്തി. മുംബയിലെ കാവി തരംഗം അവിശ്വസനീയമാണെന്നും കങ്കണ പ്രതികരിച്ചു.
തന്റെ ഓഫീസ് തകർത്ത ശിവസേനയുടെ പതനത്തെ കാവ്യനീതിയായാണ് കങ്കണ വിശേഷിപ്പിച്ചത്. 'എന്നെ അധിക്ഷേപിച്ചവർക്കും, എന്റെ വീട് തകർത്തവർക്കും, മഹാരാഷ്ട്ര വിട്ടുപോകാൻ ഭീഷണിപ്പെടുത്തിയവർക്കും ജനങ്ങൾ തന്നെ മറുപടി നൽകിയിരിക്കുന്നു. സ്ത്രീവിരുദ്ധരെയും ഗുണ്ടകളെയും നെപ്പോട്ടിസം മാഫിയയെയും ജനങ്ങൾ അവരുടെ യഥാർത്ഥ സ്ഥാനം കാണിച്ചുകൊടുത്തു,' കങ്കണ പറഞ്ഞു. 2020ൽ ശിവസേന അധികാരത്തിലിരിക്കെ കങ്കണയുടെ മുംബയിലെ ഓഫീസ് ബിഎംസി പൊളിച്ചുനീക്കിയിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന് പിന്നീട് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
മുംബയിക്ക് പുറമെ പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലങ്ങളും പവാർ കുടുംബത്തിന് തിരിച്ചടിയായി. ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ തന്ത്രപരമായ നീക്കങ്ങൾ നടത്തിയെങ്കിലും നഗരമേഖലകളിൽ പവാർ ബ്രാൻഡിന് പഴയ സ്വാധീനം ചെലുത്താനായില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. വർഷങ്ങളായി ബിഎംസി ഭരിച്ചിരുന്ന ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് നൽകിയത്. ബിജെപി 137 സീറ്റുകളിലും ഷിൻഡെ വിഭാഗം 90 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. മറുഭാഗത്ത് 163 സീറ്റുകളിൽ മത്സരിച്ച ഉദ്ധവ് വിഭാഗത്തിന് ഭരണം നിലനിർത്താനായില്ല. ഇതോടെയാണ് ബിഎംസിയിൽ ശിവസേനയുടെ ആധിപത്യത്തിന് അറുതിയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |