
തൃശൂർ: നാലാം ക്ലാസിലെ പാഠപുസ്തകത്തിലെ കഥകളി വേഷം ഹസനത്തിൻ്റെയും ഷഹനത്തിൻ്റെയും ഹൃദയത്തിലാണ് പതിഞ്ഞത്. പാഠം പഠിച്ചു കഴിഞ്ഞെങ്കിലും കഥകളി പഠിക്കണമെന്ന ആഗ്രഹം ഇരുവരിലും നിറഞ്ഞു. വീട്ടിൽ പറഞ്ഞപ്പോൾ പൂർണ സമ്മതം. തുടർന്ന് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇരട്ടകളായ ഷഹനത്തും ഹസനത്തും കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘത്തിലേക്ക് എത്തുന്നത്.
2022 ൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്രത്തിൽ അരങ്ങേറ്റം പൂർത്തിയാക്കി. എട്ടുവർഷമായി കഥകളി അഭ്യസിക്കുന്നുണ്ടെങ്കിലും പ്ലസ് ടുവിന് എത്തിയപ്പോഴാണ് കലോത്സവത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം ഉണ്ടായത്. അങ്ങനെ ആദ്യമായും അവസാനമായും മലപ്പുറം കോട്ടയ്ക്കൽ രാജാസ് ഗവ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ ഇരുവരും കലോത്സവത്തിനെത്തി.
ലവണാസുരവധത്തിൽ ഹസനത്ത് ലവനായും ഷഹനത്ത് കുശനായുമാണ് കഥകളി വേദിയിൽ നിറഞ്ഞാടിയത്. കൂടെ സീതയായി ഇവരുടെ കൂട്ടുകാരി നയനകൃഷ്ണനും ഉണ്ടായിരുന്നു. എ ഗ്രേഡിന്റെ തിളക്കവുമായാണ് മടക്കം. കോട്ടയ്ക്കൽ ചെരടയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ ഹസൻകുട്ടിയുടെയും സ്വകാര്യ സ്കൂൾ അദ്ധ്യാപിക ഷക്കീലയുടെയും മക്കളാണ് ഇരുവരും. കോട്ടയ്ക്കൽ പ്രദീപാണ് ആശാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |