
വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രമുറ്റത്തെത്തുന്ന ഭക്തരെ വരവേൽക്കുന്നത് നാഗത്തറയ്ക്ക് മുന്നി ലെ കെടാവിളക്കാണ്. ഒരിക്കലും അണയാത്ത ഇതേ വിളക്ക് പോലെ ഭക്തരിലേക്കും അശരണരിലേക്കും പ്രകാശം പകരുകയാണ് ക്ഷേത്രം കാര്യദർശി പി.പ്രകാശ് സ്വാമി (71). ക്ഷേത്രത്തിലേക്കെത്തുന്ന വിദേശീയരുൾപ്പടെ ലക്ഷക്കണക്കിന് ഭക്തരുടെ ജീവിതത്തിൽ വഴികാട്ടിയായി മാറിക്കഴിഞ്ഞു പ്രകാശ് സ്വാമി. ദക്ഷിണയോ കാണിക്കയോ സ്വീകരിക്കാതെ, ഭക്തർ അന്നദാനപാത്രത്തിലിടുന്ന സഹായങ്ങൾ മാത്രം വിനിയോഗിച്ച് ശ്രീനാരായണ ഗുരു തെളിച്ച പാതയിൽ മാനവസേവ ലക്ഷ്യമാക്കിയാണ് പ്രകാശ് സ്വാമിയുടെ പ്രയാണം. അന്നവസ്ത്രാദി മുട്ടാതെ സഹജീവികളെ സംരക്ഷിക്കണമെന്ന ഗുരുദേവ ആദർശമാണ് കൈമുതൽ. പുതു തലമുറയെ വിദ്യ കൊണ്ട് പ്രബുദ്ധരാക്കി കുടുംബത്തെയും സമൂഹത്തെയും ഒന്നാകെ രക്ഷപെടുത്താൻ സ്വാമിയുടെ ജീവിതം നിയോഗമായി മാറി.
ചെറുപ്പം മുതൽ പൊതുപ്രവർത്തനം പ്രകാശ് സ്വാമിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഭക്ഷണമായും വസ്ത്രമായും ഭവനമായും അത് അർഹരിലെത്തുന്നു. ആദ്യകാലത്ത് കുടിലുകൾ, പിന്നീട് കോൺക്രീറ്റ് വീടുകൾ അർഹർക്കായി പണിതുനൽകാനായി. നിർധന യുവതികൾക്ക് ആഭരണവും ധനവും നൽകി സുമംഗലികളാക്കാൻ സാധിച്ചു. ഏതു സമയത്തും ലക്ഷീനാരായണ ക്ഷേത്ര മുറ്റത്തെത്തുന്ന ഭക്തർക്കായി ക്ഷേത്രത്തിൽ അന്നം കരുതിയിരിക്കും. സൗജന്യ താമസവും. ചേർത്തല മായിത്തറയിലെ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് കഴിഞ്ഞ 18 വർഷമായി എല്ലാ ഞായറാഴ്ച്ചകളിലും ഭക്ഷണം, ഓണസദ്യ, ഓണക്കോടി, വിഷുകൈനീട്ടം തുടങ്ങിയവ മുടക്കിയിട്ടില്ല. മാരക രോഗം ബാധിച്ചവർക്കും അത്യാസന്ന നിലയിലുള്ളവർക്കും എന്നും ആശ്രയമാണ് സ്വാമിയും ലക്ഷ്മീനാരായണ ക്ഷേത്രവും.
അത്ഭുതമായി പാദവിരലിൽ തെളിയുന്ന ജാതകം
ചുറ്റമ്പലത്തിലെ ഭക്തിനിർഭരമായ അന്തരീക്ഷം. ക്ഷേത്ര മുറ്റത്ത് തന്റെ മുന്നിലെത്തുന്ന ഭക്തന്റെ കാൽപാദത്തിലേക്ക് നോക്കുന്ന മാത്രയിൽ മനസ്സിൽ അവരുടെ ജാതകം തെളിയുന്ന അത്ഭുതസിദ്ധിയാണ് പ്രകാശ് സ്വാമിയെ വേറിട്ടുനിറുത്തുന്നത്. ഭക്തന്റെ വയസ്, നക്ഷത്രം, സഹോദരങ്ങൾ, മക്കൾ, മാതാപിതാക്കൾ എന്നിവരുടെ നക്ഷത്രം, താമസിക്കുന്ന ഭൂമിയുടെ അളവ്, ദോഷം, സന്താനഭാഗ്യം, ദോഷപരിഹാര വഴിപാടുകൾ തുടങ്ങിയവ കാൽവിരലുകൾ നോക്കി വിശദമായി പറയും. ലോകത്ത് ഇന്നോളം മറ്റൊരാൾക്കും അവകാശപ്പെടാൻ സാധിക്കാത്ത ഈ സിദ്ധി ചോറ്റാനിക്കര ഭഗവതിയുടെയും, പഴനി മുരുകന്റെയും അനുഗ്രഹമെന്നാണ് പ്രകാശ് സ്വാമി വിശ്വസിക്കുന്നത്. ജ്യോതിഷമോ താന്ത്രിക വിദ്യകളോ പഠിച്ചിട്ടില്ലാത്ത പ്രകാശ് സ്വാമി പറയുന്ന കാര്യങ്ങൾ നൂറ് ശതമാനം സത്യസന്ധമെന്നത് ഭക്തരുടെ സാക്ഷ്യം. ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേട്ടറിഞ്ഞാണ് മറ്റ് ഭക്തരെത്തുന്നത്. അതിൽ വിദേശീയരും അന്യസംസ്ഥാനക്കാരും ഉൾപ്പെടുന്നു.
വിദ്യാധനം സർവ്വധനാൽ പ്രധാനം
ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ സ്ഥിരദർശനത്തിനെത്തുന്ന ഭക്തരിൽ എൺപത്തിയഞ്ച് ശതമാനം പേരുടെയും മക്കൾ വിദേശരാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിലാണ്. നിരവധിപ്പേർ സർക്കാർ ഉദ്യോഗസ്ഥരായി. വിദ്യാഭ്യാസ രംഗത്ത് തനിക്ക് നേടാൻ പറ്റാതെ പോയ ഉന്നതി സമൂഹത്തിലൂടെ സാക്ഷാത്ക്കരിക്കുകയാണ് പ്രകാശ് സ്വാമി. എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ 243ാം നമ്പർ ശാഖാ സെക്രട്ടറിയുംപ്രസിഡന്റുമായിരുന്നു അച്ഛൻ പുത്തൻപുരയ്ക്കൽ മാധവൻ. അഞ്ചാം വയസ്സ് മുതൽ അച്ഛന്റെ കൈപിടിച്ചാണ് സ്ഥിരം ക്ഷേത്ര ദർശനം ആരംഭിച്ചത്. അച്ഛനൊപ്പം മരണവീടുകളിൽ പ്രാർത്ഥനയ്ക്ക് പോകുന്നതും പതിവായി. വീടിനോട് ചേർന്ന് അച്ഛൻ നടത്തിയിരുന്ന കയർഫാക്ടറിയിലും വ്യാപൃതനായി. അക്കാലത്ത് അറവുകാട് സ്കൂളിൽ നിന്ന് വീട് നിൽക്കുന്ന വാടയ്ക്കൽ പ്രദേശത്തേക്ക് കിലോമീറ്ററുകൾ നടന്നായിരുന്നു യാത്ര. ഒരു സൈക്കിളിന് വേണ്ടി ആഗ്രഹിച്ചിട്ടും സാമ്പത്തികം വില്ലനായി മുന്നിൽ നിന്നു. അന്ന് സാധിക്കാതെ പോയ ആഗ്രഹം ഇന്ന് നിരവധി കുട്ടികൾക്ക് സ്കൂൾ യാത്രയ്ക്ക് സൈക്കിളുകൾ വാങ്ങി നൽകിയാണ് സാക്ഷാത്ക്കരിച്ചത്. 2015 - 16 അദ്ധ്യയനവർഷത്തിൽ വളവനാട് ജ്ഞാനോദയം യു.പി സ്കൂളിന്റെ ജീർണാവസ്ഥ മനസ്സിലാക്കി 37 വിദ്യാർത്ഥികളെ ഉൾപ്പടെ സ്വാമി ഏറ്റെടുത്തു. ഹൈടെക്കായി ഉയർത്തിയ കലവൂർ പി.ജെ യു.പി സ്കൂളിൽ ഇന്ന് 372 വിദ്യാർത്ഥികളുണ്ട്. അദ്ധ്യാപകരുടെ എണ്ണം നാലിൽ നിന്ന് 15 ആയി ഉയർത്തി. സൗജന്യ യൂണിഫോം, ബസ് ഫീസിൽ ഇളവ്, സൗജന്യ നോട്ട് ബുക്കുകൾ തുടങ്ങി കുട്ടികൾക്കുള്ള സഹായം നീളുകയാണ്. ക്ഷേത്ര വരുമാനത്തിന്റെ മുക്കാൽ പങ്കും സ്കൂളിന്റെയും വിവിധ പഠനശാലകളിലെ വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായി വിനിയോഗിക്കുകയാണ്.
കയർ ഫാക്ടറിയിൽ നിന്ന് ഭക്തി പാതയിലേക്ക്
1972 ഒക്ടാേബർ ഒന്നിന് ഒരു നവരാത്രിക്കാലത്ത് പ്രകാശ് ചോറ്റാനിക്കര ദേവീക്ഷേത്ര സന്നിധിയിലെത്തിയതോടെ ദേവിയുടെ കടുത്ത ഭക്തനായി മാറി. കുടുംബത്തിലുണ്ടായിരുന്ന കയർ ഫാക്ടറി 1978ൽ ഏറ്റെടുത്ത് 84 വരെ പ്രവർത്തിപ്പിച്ചു. 27ാം വയസിൽ സെവൻ സീസ് ട്രേഡേഴ്സ് എന്ന കയർ കമ്പനിയിലെ ഡ്രൈവറായി. എല്ലാ വ്യാഴാഴ്ചയും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോകാൻ കമ്പനി ഉടമയായ സുബ്രഹ്മണ്യം പിള്ള അനുമതി നൽകി. സുബ്രഹ്മണ്യ ഭക്തനായ സുബ്രഹ്മണ്യം പിള്ളയാണ് പ്രകാശ് സ്വാമിയെ മാസം തോറും പഴനിയിലേക്ക് പോകാനും പ്രേരിപ്പിച്ചത്. ഇതിനിടെ ചോറ്റാനിക്കരക്ക് ഭക്തരെ കൊണ്ടുപോകാൻ സ്വന്തമായി വാഹനം വാങ്ങാൻ തീരുമാനിച്ചു. കെ.എസ്.എഫ്.ഇയിൽ നിന്ന് ചിട്ടി പിടിച്ച് ആഗ്രഹം സഫലമാക്കി. പത്തു വാഹനങ്ങൾ വരെ വാങ്ങി. ലഭിക്കുന്ന പണത്തിന്റെ ഒരുഭാഗം പൊതുജനങ്ങൾക്കായി നീക്കി വച്ചു. 1982ൽ വളവനാട്ടേയ്ക്ക് താമസം മാറ്റിയതോടെ ലക്ഷ്മി നാരായണ പ്രാർത്ഥനാ സമിതി രൂപീകരിച്ചു. പ്രശ്ന പരിഹാരങ്ങൾക്ക് തുടക്കമായി. ആരാധനാലയങ്ങളിലേക്കുള്ള യാത്രകളിൽ ഭക്തരെയും ഒപ്പം കൂട്ടി. എല്ലാ വ്യാഴാഴ്ച്ചയും ചോറ്റാനിക്കര, മാസത്തിലൊരിക്കൽ പഴനി, വർഷത്തിൽ രണ്ട് തവണ തിരുപ്പതി, മൂകാംബിക എന്നിവിടങ്ങിലേക്കുള്ള യാത്ര മുടക്കമില്ലാതെ തുടരുന്നു.
പ്രാർത്ഥനയുടെ പെരുമയും അറിഞ്ഞ് നാനാദിക്കുകളിൽ നിന്ന് ഭക്തർ ഒഴുകിയെത്തി. 2000 മുതൽ 2006 വരെ നടന്ന ദേവപ്രശ്നങ്ങളിൽ വീട് നിൽക്കുന്ന സ്ഥലം പൊളിച്ചു നീക്കി ക്ഷേത്രം പണിയണമെന്ന ആചാരവിധിയുണ്ടായി. തൊട്ടടുത്ത ക്ഷേത്രങ്ങളിലെ ദേവൻമാരുടെയും ദേവിമാരുടെയും സമ്മേളന പറമ്പായിരുന്നു അത്. 2006 ൽ നടന്ന അഷ്ടമംഗലം ദേവപ്രശ്നത്തിൽ പത്തു ദിവസത്തിനുള്ളിൽ വീട് പൊളിക്കണമെന്ന് വിധിച്ചു. ഗുരുപുരം ചെല്ലപ്പൻ ജോത്സ്യർ, ശിവൻകുട്ടി ജോത്സ്യർ, തൃക്കന്നപ്പുഴ ഉദയകുമാർ, കലവൂർ രവീന്ദ്രനാഥ് തുടങ്ങിയ ജ്യോത്സ്യൻമാരാണ് നേതൃത്വം നൽകിയത്. 11 ാം ദിവസം വീട് പൊളിച്ച് ഇന്ന് കാണുന്ന ലക്ഷി നാരായണ ക്ഷേത്രം പടുത്തുയർത്തി. 110 ദിവസങ്ങൾ കൊണ്ട് അഞ്ചു ശ്രീകോവിൽ ഉൾപ്പെടെ ക്ഷേത്രം പൂർത്തിയായി.
മൂന്ന് മേൽശാന്തിമാരുടെ നേതൃത്വത്തിൽ നിത്യപൂജയും ക്ഷേത്രത്തിൽ ആരംഭിച്ചു. മൂന്നു മുതൽ അഞ്ചു ദിവസം വരെ ക്ഷേത്രത്തിൽ ഭജനമിരുന്ന് ആഗ്രഹങ്ങൾ സാധിക്കുന്നവർ നിരവധി. 25 വർഷമായി സന്താനഭാഗ്യം ലഭിക്കാത്തവരും മാറാവ്യാധിയുള്ളവരും നിറഞ്ഞ സന്തോഷത്തോടെ മോക്ഷമുക്തി നേടി ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നു. ഗുരുദേവ തത്വങ്ങൾ പൂർണമായും പാലിക്കുന്നതിനാൽ ക്ഷേത്രത്തിൽ കരിയും കരിമരുന്നുമില്ല. ഉത്സവസമയത്ത് രസീതുമായി പോയി പുറത്ത് പിരിക്കാറുമില്ല. മദ്യപാനാസക്തി വിടുതൽ, കുടുംബങ്ങളിലെ കലഹവും തകർച്ചയും പരിഹരിക്കുക, നല്ല ജീവിത മാർഗങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം, ഭൂമിയില്ലാത്തവർക്ക് ഭൂമി, വീടില്ലാത്തവർക്ക് വീട്, വാഹനയോഗം, മാറാരോഗം ബാധിച്ചവർക്ക് മുക്തി എന്നിവയിലൂടെ സംതൃപ്തമായ ജീവിതം അനേകായിരങ്ങൾക്ക് ലഭിച്ചതോടെ സ്വാമിയുടെ ഖ്യാതി ലോകമാകെയറിഞ്ഞു. കേരളത്തിലങ്ങോളം ഇങ്ങോളം നശിച്ചുകിടന്ന ഒട്ടനവധി ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനുമായി. ഉഷ പ്രകാശാണ് ഭാര്യയും ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയും. മക്കൾ: പ്രമീഷ ( ഹൈദരാബാദ്), പ്രജീഷ് (അദ്ധ്യാപകൻ), മരുമക്കൾ: ഉമേഷ് ഉത്തമൻ, കോകില സലീലൻ. കൊച്ചുമക്കൾ: പാർവതി, വേദിക, വൈദേഹി, പൃഥ്വി.
സ്വാമിയുടെ ഫോൺ നമ്പർ : 9447212096
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |