
ടെഹ്‌റാൻ: ഇറാനിലെ പ്രക്ഷോഭങ്ങൾക്കിടെ ഉണ്ടായ ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി. ട്രംപിനെ ക്രിമിനലെന്നും ഖമനേയി വിശേഷിപ്പിച്ചു. സർക്കാർ ടെലിവിഷൻ സംപ്രേഷണം ചെയ്ത പ്രസംഗത്തിലാണ് പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതായി ഖമനേയി അറിയിച്ചത്. ആദ്യമായിട്ടാണ് ഖമനേയി ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഇറാനിലെ കലാപത്തിൽ യു.എസ് പ്രസിഡന്റ് നേരിട്ട് പ്രസ്താവനകൾ നടത്തിയതായി ഖമനേയി പറഞ്ഞു. രാജ്യദ്രോഹികളെ മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചു. പ്രക്ഷോഭകാരികളെ സൈനികമായി പിന്തുണയ്ക്കുന്നു എന്ന് ട്രംപ് പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനുമേൽ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി എന്ന നിലയിൽ യു.എസ് പ്രസിഡന്റിനെ ഒരു ക്രിമിനലായി കണക്കാക്കുന്നതായും ഖമനേയി പറഞ്ഞു. പ്രക്ഷോഭകാരികൾ അമേരിക്കയുടെ കാലാൾപ്പടയാണ്. പ്രക്ഷോഭകർ പള്ളികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇറാനിലെ സൈനിക നടപടിയിൽ നിന്ന് യു.എസ് പിന്നോട്ട് പോയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |