
തിരുവനന്തപുരം:ഹാജരില്ലാത്തതിനാൽ പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുന്ന തലശ്ശേരി കേപ്പ് എൻജിനിയറിംഗ് കോളേജിലെ 3 എം.ടെക് വിദ്യാർത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്.സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ ഡോ. ധർമ്മരാജ് അടാട്ടാണ് ഉത്തരവിട്ടത്. ക്ലാസിൽ ഹാജരാകാതെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്നവരുടെ ഫലമാണ് സർവകലാശാല തടഞ്ഞിരുന്നത്. ഇവരിൽ രണ്ടുപേർ ബംഗളുരുവിലെ വിപ്രോ,ഇന്റൽ കമ്പനികളിൽ സ്ഥിരം ജീവനക്കാരാണ്. മറ്റൊരു വിദ്യാർത്ഥിനിയും ക്ലാസിൽ ഹാജരായിട്ടില്ല. ഇവരെല്ലാം റഗുലർ വിദ്യാർത്ഥികളാണ്.ഇവർക്ക് 75% ഹാജർ നൽകാൻ വിസമ്മതിച്ച അസി.പ്രൊഫസർ കെ.ബിനീഷിനെ തൃക്കരിപ്പൂരിലേക്ക് സ്ഥലംമാറ്റിയെന്നും ആക്ഷേപമുണ്ട്. അദ്ധ്യാപകന്റെ ഹിയറിംഗ് നടത്താതെ ഏകപക്ഷീയമായി ഓംബുഡ്സ്മാൻ ഉത്തരവിറക്കിയെന്നാണ് പരാതി.
ഗവർണർക്ക് പരാതി നൽകി
സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി ഉത്തരവിറക്കിയ ഓംബുഡ്‌സ്മാനെ നീക്കണമെന്നും ഉത്തരവ് റദ്ദാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.സംസ്കൃത സർവകലാശാലാ വി.സിയായിരുന്ന ധർമ്മരാജ് അടാട്ടിനെ രാഷ്ട്രീയാടിസ്ഥാനത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതിനാൽ നിഷ്പക്ഷ തീരുമാനങ്ങൾ സ്വീകരിക്കേണ്ട ഓംബുഡ്സ്മാൻ പദവിയിൽ നിന്നൊഴിവാക്കണമെന്നാണ് പരാതിയിലുള്ളത്. ഓംബുഡ്സ്മാന്റെ ഉത്തരവ് നടപ്പാക്കിയാൽ കോളേജുകളിലെ റഗുലർ വിദ്യാർത്ഥികൾക്ക് 75% ഹാജർ വേണമെന്ന നിബന്ധന തുടരാനാവില്ലെന്നും പരാതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |