തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തിൽ ഇടത് നേതാവിനും മന്ത്രിയുടെ ബന്ധുവിനും മാർക്ക് വാരിക്കോരി നൽകിയെന്ന് ആക്ഷേപം. എഴുത്ത് പരീക്ഷയിൽ പിന്നിലായിരുന്നവരെ അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിച്ചു എന്നാണ് ആക്ഷേപം. ആസൂത്രണ ബോർഡിന്റെ പ്ലാൻ കോ ഓർഡിനേഷൻ, ഡീസെൻട്രലൈസ്ഡ് പ്ലാനിങ്, സോഷ്യൽ സർവീസസ് എന്നീ വിഭാഗങ്ങളിലെ ചീഫ് നിയമനത്തിനുള്ള റാങ്ക് പട്ടികകളെക്കുറിച്ചാണ് ഇപ്പോൾ പരാതി ഉയർന്നിട്ടുള്ളത്. 89,000 - 1,20,000 ശമ്പള സ്‌കെയിലിലുള്ളതാണ് ഈ തസ്തിക.
ഇരുന്നൂറ് മാർക്കിനുള്ള പൊതു പരീക്ഷയും നാൽപ്പത് മാർക്കിനുള്ള അഭിമുഖവുമായിരുന്നു ഉദ്യോഗാർത്ഥികൾക്കായി പി.എസ്.സി നിശ്ചയിച്ചിരുന്നത്. ഇതിൽ എഴുത്ത് പരീക്ഷയിൽ വളരെ പിന്നിലായവർക്ക് അഭിമുഖത്തിൽ 90 മുതൽ 95 വരെ ശതമാനം മാർക്ക് നൽകിയാണ് റാങ്ക് പട്ടികയിലെ ആദ്യ സ്ഥാനക്കാരാക്കിയത്. നാൽപ്പതിൽ 38 മുതൽ 36 വരെ മാർക്ക് ചിലർക്ക് അഭിമുഖത്തിനു ലഭിച്ചു, അതേ സമയം എഴുത്തുപരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിൽ ഏറ്റവും കുറവായ പതിനൊന്ന് മാർക്കാണ് നൽകിയത്. എഴുത്തുപരീക്ഷയ്ക്ക് മാർക്ക് കുറവുള്ളവർ അഭിമുഖത്തിനു ലഭിച്ച ഉയർന്ന മാർക്കോടെ റാങ്ക് പട്ടികയിൽ മുന്നിലെത്തി.
പി.എസ്.സി. ചെയർമാന്റെ വാദം
സിവിൽ സർവീസസ് പരീക്ഷയ്ക്ക് 90 - 95 ശതമാനം മാർക്ക് അഭിമുഖത്തിന് യു.പി.എസ്.സി. നൽകുന്നുണ്ടെന്ന മറുവാദമാണ് മാർക്ക് ദാനം വിവാദമായപ്പോൾ പി.എസ്.സി ചെയർമാൻ ഉയർത്തിയത്. അഭിമുഖത്തിന് മാർക്ക് നൽകുന്നതിൽ പി.എസ്.സി.ക്കുള്ള പരമാധികാരം കോടതികളും അംഗീകരിച്ചിട്ടുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം പ്രശസ്ത സാമ്പത്തിക വിദഗ്ധർ, സർവകലാശാലാ വൈസ് ചാൻസലർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, പി.എസ്.സി. അംഗങ്ങൾ എന്നിങ്ങനെ ആറുപേരുള്ള ബോർഡാണ് അഭിമുഖം നടത്തിയതെന്നും അറിയിച്ചു. യാതൊരു ക്രമക്കേടും പി.എസ്.സി നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
പി.എസ്.സി. ചെയർമാന്റെ വാദം തള്ളി സി.പി.നായർ
സിവിൽ സർവീസസ് പരീക്ഷയ്ക്ക് 90 - 95 ശതമാനം മാർക്ക് അഭിമുഖത്തിന് നൽകും എന്ന വാദത്തിലാണ് പി.എസ്.സി ചെയർമാൻ മാർക്ക് ദാനത്തെ പ്രതിരോധിക്കുന്നത്. എന്നാൽ പി.എസ്.സി. ചെയർമാന്റെ വാദം തെറ്റാണെന്നും പരമാവധി 80 ശതമാനം മാർക്ക് മാത്രമേ അഭിമുഖത്തിന് നൽകാവൂ എന്നും കുറഞ്ഞത് പത്ത് ശതമാനം നൽകണമെന്നുമാണ് സിവിൽ സർവീസസ് പരീക്ഷയിലെ അഭിമുഖത്തിന്റെ ചട്ടം. മൂന്ന് തവണ സിവിൽ സർവീസസ് ഇന്റർവ്യൂ ബോർഡ് അംഗമായ സി.പി.നായരാണ് ഇത് വ്യക്തമാക്കിയത്.
മുനയൊരുക്കി പ്രതിപക്ഷം
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കവേ മാർക്ക് ദാനം പിടിവള്ളിയാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ശ്രമം തുടങ്ങി. യൂണിവേഴ്സിറ്റി കൊളേജിലെ കുത്തുകേസിലെ പ്രതികൾ പൊലീസ് നിയമനപരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഏറെ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |