
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ശുഭപ്രതീക്ഷയുള്ളത് കേരളത്തിൽ മാത്രമാണെന്നും അതിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി. കേരളത്തിൽ വിജയത്തിനുള്ള രാഷ്ട്രീയ അന്തരീക്ഷമുണ്ട്. നിലവിലെ സാഹചര്യമനുസരിച്ച് സംസ്ഥാന നേതൃത്വത്തിന് സ്ഥാനാർത്ഥികളെ തീരുമാനിക്കാം.
ബംഗാളിൽ എത്ര സീറ്റുകൾ നേടാനാകുമെന്ന് അവിടെ നിന്നുള്ള രാഷ്ട്രീയ- സംഘടനാ റിപ്പോർട്ടിൽ വ്യക്തമല്ല. തമിഴ്‌നാട്ടിലും സമാന അവസ്ഥയാണ്. പുതുച്ചേരിയിലും അസാമിലും തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും കമ്മിറ്റി വിലയിരുത്തി. കേരളത്തിൽ നല്ല ഭൂരിപക്ഷം നേടി ഭരണം തുടരേണ്ടത് പാർട്ടിയുടെ മാത്രമല്ല, രാജ്യത്തെ ഇടതുപക്ഷ നിലനിൽപ്പിന്റെ ആവശ്യമാണെന്നും ഇന്നലെ കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ വ്യക്തമാക്കി. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
കേരളത്തിലെ സംഘടനാ സംവിധാനം ശക്തമാണെങ്കിലും ഒൻപതുവർഷത്തെ ഇടതുപക്ഷ ഭരണനേട്ടം തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചില്ല. വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാരും പാർട്ടി സംവിധാനവും പരാജയപ്പെട്ടെന്ന വിലയിരുത്തലാണ് കമ്മിറ്റിയിലുണ്ടായത്. ആവശ്യമായ തിരുത്തലുകൾ സംഘടനാ സംവിധാനത്തിലും ഭരണതലത്തിലും വരുത്തണം. ഇല്ലെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം സാദ്ധ്യമാകില്ലെന്നും കേരളത്തെ സംബന്ധിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
ഇനിയുള്ള മൂന്നുമാസം വിവാദങ്ങളിൽപ്പെടാതെ സർക്കാരിന്റെ ജനകീയ പദ്ധതികൾ പൂർത്തിയാക്കാൻ അശ്രാന്ത പരിശ്രമം നടത്തണം. ക്ഷേമ പെൻഷൻ കുടിശിക വരുത്തരുത്. ജാതിമത സംഘടനകളുമായി അകൽച്ച സൃഷ്ടിക്കുന്ന പ്രസ്താവനകൾ നേതാക്കൾ നടത്തരുത്. ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിലുണ്ട്. വിശദ ചർച്ചകൾക്കുശേഷം ഇന്ന് കേന്ദ്ര കമ്മിറ്റി അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |