
ടെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 'ക്രിമിനൽ " എന്ന് വിശേഷിപ്പിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇറാനിലെ ഭരണ വിരുദ്ധ പ്രക്ഷോഭത്തിന്റെയും മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കാരണക്കാരൻ ട്രംപാണെന്നും ഖമനേയി കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ പരസ്യമായി പ്രോത്സാഹിപ്പിച്ചും സൈനിക പിന്തുണ പ്രഖ്യാപിച്ചും ട്രംപ് സാഹചര്യം വഷളാക്കിയെന്ന് പറഞ്ഞ ഖമനേയി, ട്രംപ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ആവർത്തിച്ചു. 'പ്രക്ഷോഭകർ യു.എസിനും ഇസ്രയേലിനും വേണ്ടി പ്രവർത്തിച്ച കൂലിപ്പട്ടാളക്കാരായിരുന്നു. രാജ്യത്ത് അശാന്തി സൃഷ്ടിച്ചവരുടെ നട്ടെല്ല് ഇറാൻ ഒടിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ക്രിമിനലുകൾ ശിക്ഷിക്കപ്പെടും. " - രാജ്യത്തെ അഭിസംബോധന ചെയ്യവേ ഖമനേയി പറഞ്ഞു.
അതേസമയം ആയിരത്തിലേറെ പേർ മരിച്ചെന്ന് ഖമനേയി സമ്മതിച്ചു. പ്രതിഷേധക്കാർക്ക് ഇടയിൽ കയറിക്കൂടിയ ആയുധധാരികളാണ് മരണങ്ങൾക്ക് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക സ്ഥിതി അത്ര നല്ലതല്ലെന്നും സമ്മതിച്ചു.
ഇതു പരിഹരിക്കാൻ കൂടുതൽ ഗൗരവത്തോടെ പ്രവർത്തിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണകൂട വിരുദ്ധ പ്രക്ഷോഭം അയഞ്ഞ സാഹചര്യത്തിലാണ് ഖമനേയിയുടെ പ്രതികരണം.
# നന്ദി പറഞ്ഞ് ട്രംപ്, പിന്നാലെ വിമർശനം
800ലേറെ പ്രക്ഷോഭകരുടെ വധശിക്ഷ ഇറാൻ റദ്ദാക്കിയതിന് നന്ദി അറിയിച്ച് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പിന്നാലെയാണ് ഖമനേയിയുടെ പ്രതികരണം. വധശിക്ഷകൾ ഒഴിവാക്കിയതിനാൽ ഇറാനെതിരെയുള്ള സൈനിക നടപടി തത്കാലം വേണ്ടെന്ന് തീരുമാനിച്ചെന്നാണ് യു.എസ് പറയുന്നത്. പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ലെന്ന് ഇറാൻ പറയുന്നു.
# ഇന്ത്യക്കാർ എത്തിത്തുടങ്ങി
ഇറാനിൽ ആശയവിനിമയ നിയന്ത്രണം ഘട്ടംഘട്ടമായി നീക്കുമെന്ന് അധികൃതർ. രാജ്യത്തിനുള്ളിൽ എസ്.എം.എസ് സർവീസുകൾ പുനസ്ഥാപിച്ചു
ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. എന്നാൽ കണക്‌റ്റിവിറ്റിയിൽ വളരെ നേരിയ പുരോഗതി (സാധാരണ നിലയുടെ 2% മാത്രം)
പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ അവ്യക്തത തുടരുന്നു. 3000ത്തിലേറെ പേർ കൊല്ലപ്പെട്ടെന്ന് നിഗമനം
വിദ്യാർത്ഥികൾ അടക്കം ഇന്ത്യൻ പൗരന്മാർ സ്വമേധയാ മടങ്ങിയെത്തി തുടങ്ങി. ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ട്. ഇവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ. എംബസിയുടെ ഏകോപനത്തോടെ സാധാരണ കൊമേഴ്ഷ്യൽ ഫ്ലൈറ്റുകളിലാണ് ഇവർ എത്തുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |