
ലക്നൗ: ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. ഡൽഹിയിൽ നിന്നും ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ലക്നൗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ടിഷ്യൂ പേപ്പറിലെ കുറിപ്പാണ് പരിഭ്രാന്തി പരത്തിയത്. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ടിഷ്യൂ പേപ്പറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 8.46 ഓടെ എടിസിയിൽ സന്ദേശം ലഭിക്കുകയും തുടർന്ന് 9.17 ഓടെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയുമായിരുന്നു.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനം വളഞ്ഞു. ഐസൊലേഷൻ ബേയിലേക്ക് മാറ്റിയ വിമാനത്തിൽ അതീവ ജാഗ്രതയോടെയാണ് പരിശോധനകൾ നടത്തിയത്. എട്ട് കൈകുഞ്ഞുങ്ങളടക്കം 230 യാത്രക്കാരും രണ്ട് പൈലറ്റും, അഞ്ച് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷം സ്‌കാനിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചതായി ഇൻഡിഗോ വക്താവ് വ്യക്തമാക്കി.
'യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അധികൃതരുമായി ചേർന്ന് പരിശോധനകൾ പൂർത്തിയാക്കി വരികയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ലക്നൗ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |