കേളകം: അടക്കാത്തോട് രാമച്ചി കരിയംകാപ്പ് റോഡിനരികിൽ സുരക്ഷാ മുൻകരുതലിനായി സ്ഥാപിച്ച സി.സി ക്യാമറയിൽ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. കരിയംകാപ്പിലെ പള്ളി വാതുക്കൽ സ്കറിയയുടെ റബർ തോട്ടത്തിൽ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. റബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന സഹോദരന്മാരായ മഠത്തിൽ മനു, വിനു എന്നിവർ സ്ഥാപിച്ചതാണ് ക്യാമറ. ഞായറാഴ്ച പുലർച്ചെ 12.30 ഓടെയാണ് പുലി റബർ തോട്ടം വഴി പോയതെന്നാണ് ക്യാമറയിലെ ദൃശ്യത്തിലുള്ളത്.
ഈ മാസം രണ്ടാം തീയതിയും ഇതേ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് വനപാലകർ നാലഞ്ചുദിവസം നിരീക്ഷണവും പട്രോളിംഗും നടത്തിയെങ്കിലും പിന്നീട് അത് തുടർന്നിരുന്നില്ല. വനപാലകരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന സമയത്ത് പുലി വന്നില്ലെന്നും അത് മുടങ്ങിയപ്പോഴാണ് ഒരാഴ്ച കഴിഞ്ഞ് വീണ്ടും പുലി ഇറങ്ങിയതെന്നും സഹോദരർ പറഞ്ഞു.
സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് നാലുമാസം മുമ്പ് തോട്ടത്തിൽ സ്വന്തമായി സി.സി ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സഹോദരങ്ങൾ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തി വരികയാണ്.
സംഭവം അറിഞ്ഞ് കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ പൊരുമത്തറ, വാർഡ് മെമ്പർ അബ്ദുൾ സലാം, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ് കുമാർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും വനപാലകരോട് പുലിയെ ഉടൻ കൂടുവെച്ച് പിടികൂടണമെന്നും ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് വനപാലക സംഘം പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തുകയും ഡ്രോൺ നിരീക്ഷണം നടത്തുകയും ചെയ്തെങ്കിലും ഒന്നിനേയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാർ കൂടുതൽ ഭീതിയിലാണ്.
പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും
അടക്കാത്തോടിന്റെ വിവിധ പ്രദേശങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം കൂടെക്കൂടെ ഉണ്ടാവുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. അത് പരിഹരിക്കാൻ പുലിയെ കൂടുവെച്ച് പിടികൂടണമെന്ന് ഡി.എഫ്.ഒ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം പരിഗണിച്ച് തിങ്കളാഴ്ചയോടെ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്നും പുലിയെക്കണ്ട പ്രദേശത്ത് വനം വകുപ്പിന്റെ ആർ.ആർ.ടി ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമെന്നും ജനങ്ങളുടെ ഭീതിയകറ്റാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് പറഞ്ഞു.
തോട്ടത്തിൽ പുലി വന്നതോടെ പലപ്പോഴും ടാപ്പിംഗ് മുടങ്ങിയ അവസ്ഥയിലാണ്. ഇതിനിടയിൽ തോട്ടത്തിൽ വെച്ച് കടുവയെയും കണ്ടിരുന്നു. പുലിയെയും കടുവയെയും കണ്ടതിനാൽ ഭീതിമൂലം പുറമേനിന്ന് ആരും ഇവിടെ വന്ന് ടാപ്പിംഗ് നടത്താൻ തയ്യാറല്ല. ഉപജീവനത്തിനായി സ്വന്തമായി ടാപ്പിംഗ് നടത്തുകയല്ലാതെ മറ്റു മാർഗ്ഗമില്ല.
സഹോദരന്മാരായ മഠത്തിൽ മനു, വിനു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |