
തൃശൂർ: കലോത്സവങ്ങളിൽ സമ്മാനം ലഭിക്കാത്തവർ മോശം കലാകാരന്മാരാകുന്നില്ലെന്ന് നടൻ മോഹൻലാൽ ഓർമ്മിപ്പിച്ചു. മത്സരിക്കുന്നതാണ് പ്രധാനം. തോൽവിയെന്നത് വിജയത്തിലേക്കുള്ള പടവാണ്. കലയോടുള്ള അർപ്പണം ആത്മാർത്ഥമെങ്കിൽ അവസരങ്ങൾ തേടിവരും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടികൾ അവരിലെ കലാകാരന്മാരെ ഈ വേദിയിൽ മാത്രമായി ചുരുക്കരുത്. അവസരങ്ങൾ തേടിയെത്തുമെന്നത് സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്. കലോത്സവങ്ങൾ കുട്ടികൾക്ക് നൽകുന്നത് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ മാത്രമല്ല, കൂട്ടായ്മയുടെ സാമൂഹികപാഠം കൂടിയാണ്. പങ്കുവയ്ക്കലിന്റെ രസം ശീലിപ്പിക്കുന്നു ഇത്തരം മത്സരങ്ങൾ.
പാഠപുസ്തകങ്ങൾക്കു പുറത്ത് ഇത്രയേറെ ജീവിതാനുഭവങ്ങൾ സമ്മാനിക്കുന്ന, സാംസ്‌കാരികമായി അവരെ പരുവപ്പെടുത്തുന്ന മറ്റൊന്നില്ല. കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രസക്തിയും തിരിച്ചറിഞ്ഞ് അതിനായി ഇത്രയേറെ പണവും മാനവ വിഭവശേഷിയും മാറ്റിവയ്ക്കുന്ന സർക്കാരിനോട് ഉള്ളുനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
മലയാള സിനിമയ്ക്ക് യുവജനോത്സവങ്ങൾ എത്രയോ പ്രതിഭകളെ സമ്മാനിച്ചു. സർവകലാശാല യുവജനോത്സവത്തിൽ കലാപ്രതിഭയായ അകാലത്തിൽ പൊലിഞ്ഞ അമ്പിളി അരവിന്ദന്റെ പേരിലാണ് പിന്നീട് ഒന്നാംസ്ഥാനം നേടുന്ന കോളേജിനുള്ള ട്രോഫി ഏർപ്പെടുത്തിയത്. അവരുടെ മകൾ പൊന്നമ്പിളി പിന്നീട് സ്‌കൂൾകലോത്സവങ്ങളിൽ പ്രതിഭയായി. മഞ്ജുവാര്യർ, നവ്യാനായർ, യദുകൃഷ്ണൻ, ശരത്ദാസ് ഇവരൊക്കെ കലോത്സവവേദികളുടെ സംഭാവനകളാണ്.
ഗായകരായ കെ.എസ്.ചിത്രയും ജി.വേണുഗോപാലുമൊക്കെ കലോത്സവങ്ങളിലൂടെ വളർന്നുവന്നവരാണ്. അന്നൊക്കെ കലാതിലകങ്ങളുടെ മുഖച്ചിത്രങ്ങൾ ജനപ്രിയ പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളൊക്കെ ഇത്രമേൽ ജനപ്രീതി ആർജിച്ചിട്ടും ഇന്നും പലസംവിധായകരും കലോത്സവങ്ങളിൽ പ്രതിഭകളെ തേടിയെത്തുന്നുണ്ട്.
വന്നില്ലെങ്കിൽ നഷ്ടമായേനെ
ഇത്രയും വലിയ ചടങ്ങിൽ വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായിപ്പോയേനെ. എന്ത് അസൗകര്യമുണ്ടായാലും വരണമെന്ന് തീരുമാനിച്ചിരുന്നു. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതുകൊണ്ട് പങ്കെടുക്കാനായി. കലാകാരൻ എന്നതുകൊണ്ട് എനിക്കീ വേദിയോട് അത്രമേൽ ആദരവാണുള്ളത്. കലാതിലകങ്ങൾക്കും കലാപ്രതിഭകൾക്കും പണ്ട് സിനിമാ താരങ്ങളുടെ അത്ര താരപ്രഭയുമുണ്ടായിരുന്നു. ഏഷ്യയിലെ കൂടുതൽ ആൺകുട്ടികൾ അക്കാലത്ത് പഠിച്ചിരുന്ന തിരുവനന്തപുരത്തെ ഗവ.മോഡൽ ഹൈസ്‌കൂളിലാണ് ഞാനും പഠിച്ചത്. കൂടുതൽ പെൺകുട്ടികൾ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ പരുത്തിക്കുന്ന് ഗവ.ഗേൾസ് ഹൈസ്‌കൂളിലായിരുന്നു. അവരൊക്കെ കൂടുതൽ പ്രതിഭകളെ പങ്കെടുപ്പിക്കുന്നതിനാൽ സ്‌കൂൾ യുവജനോത്സവങ്ങളിൽ തലസ്ഥാന ജില്ലയുമായിട്ടായിരുന്നു മറ്റുജില്ലകൾ ഒന്നാം സ്ഥാനത്തിനായി മാറ്റുരയ്‌ക്കേണ്ടിയിരുന്നത്- മോഹൻലാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |