SignIn
Kerala Kaumudi Online
Monday, 19 January 2026 10.20 PM IST

ടോയ്‌ലറ്റിന്റെ മൂടി എപ്പോഴും തുറന്നിരിക്കുന്നതാണോ അടഞ്ഞിരിക്കുന്നതാണോ നല്ലത്?

Increase Font Size Decrease Font Size Print Page
toilet

വീട്ടിലായാലും ഓഫീസിലായാലും പൊതുഇടത്തിലായാലും ഒരു മനുഷ്യൻ അത്യാവശ്യമായി പോകുന്ന ഇടമാണ് ടോയ്‌ലറ്റ്. ഓരോ തവണയും ടോയ്‌ലറ്റിൽ പോയശേഷം പുറത്തുവരുമ്പോൾ ടോയ്‌ലറ്റ് സീറ്റും ലിഡും തുറന്നുവയ്‌ക്കണോ അതോ അടയ്‌ക്കണോ? ഇക്കാര്യം ഏറെ നാളായി ശാസ്‌ത്രലോകം ചർച്ച ചെയ്യുന്നതാണ്. മിക്കവരും ടോയ്‌ലറ്റ് സീറ്റും ലിഡും അടയ്‌ക്കണം എന്നുതന്നെ പറയുന്നു. കാരണമായി പറയുന്നത് എന്നാൽ ഒട്ടും ശാസ്‌ത്രീയമായ കാര്യമല്ല. മറ്റുള്ളവരോടുള്ള ആദരവുകൊണ്ട് ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം അടച്ചിടണമെന്ന് ചിലർ പറയുന്നു. എന്നാൽ സൗകര്യത്തിന് വേണ്ടി അത് തുറന്നിടണമെന്ന് മറ്റുചിലരും പറയും. യഥാർത്ഥത്തിൽ അടച്ചിടുന്നത് തന്നെയാണ് നല്ലത്. കാരണം തികച്ചും ശാസ്‌ത്രീയമാണ്.

ടോയ്‌ലറ്റ് ബൗളുകൾ എന്നത് നിരവധി അണുക്കളുടെ വാസസ്ഥലമാണ്. ഉപയോഗശേഷം ടോയ്‌ലറ്റ് സീറ്റും ലിഡും അടച്ചിട്ട് വേണം ഫ്ളഷ് ചെയ്യാൻ. ഇതിന് കാരണം എന്തെന്നാൽ ഫ്ളഷ് ചെയ്യുമ്പോൾ ഇതിൽ നിന്നും ജലത്തിന്റെ തരികൾ അഥവാ ജലകണങ്ങൾ പുറത്തേക്ക് തെറിക്കും.

ഈ ചെറുകണികകൾ ടോയ്‌ലറ്റിന്റെ വശങ്ങളിൽ മാത്രമല്ല അടുത്തുള്ള വാഷ്‌ബെയ്‌സിനിലും ചുമരുകളിലും ബക്കറ്റിലുമെല്ലാം പറ്റിപ്പിടിക്കും. ഇതിലൂടെ ടോയ്‌ലറ്റിലാകെ അണുപ്രസരം ഉണ്ടാകും. ഇത്തരത്തിൽ വെള്ളം തെറിക്കുന്നതിനെ ടോയ്‌ലറ്റ് പ്ളൂം എന്നാണ് പറയാറ്. ടോയ്‌ലറ്റുകളെക്കുറിച്ച് ഏറെ ശ്രദ്ധേയമായ നിരീക്ഷണങ്ങളും പഠനങ്ങളും ശാസ്ത്രലോകം നടത്തിയിട്ടുണ്ട്. 2022ൽ ലേസർ ഉപയോഗിച്ചും ഹൈഡെഫനിഷൻ ദൃശ്യങ്ങൾ ഉപയോഗിച്ചും പഠിച്ച ഗവേഷകർ ചില കാര്യങ്ങൾ കണ്ടെത്തി. ടോയ്‌ലറ്റ് ബൗളിന്റെ ഒരു മീറ്ററിലധികം മുകളിലേക്ക് ഈ ചെറു ജലകണികകൾ തെറിക്കുന്നതും അവ വായുവിൽ മിനിട്ടുകളോളം തങ്ങിനിൽക്കുന്നുമുണ്ട്. ടോയ്‌ലറ്റ് ലിഡ് തുറന്ന് ഫ്ളഷ് ചെയ്‌താൽ അത് ഫ്ളഷ് ടാങ്കിന്റെ ബട്ടൻ, അടുത്തുള്ള തറ,​ സിങ്ക് എന്തിനുപറയുന്നു ടൂത്ത് ബ്രഷുകൾ സൂക്ഷിച്ചിട്ടുള്ള ടോയ്‌ലറ്റുകളിൽ അവയിൽ വരെ ഈ ജലകണിക തെറിക്കുകയും പറ്റിപ്പിടിക്കുകയും ചെയ്യുന്നു.

തുറന്നുവച്ച് ഫ്ളഷ് ചെയ്യുന്ന ശീലമാണ് നിങ്ങൾക്കുള്ളതെങ്കിൽ അത് മാറ്റാൻ സമയമായി. കാരണം കൂടുതൽ അണുക്കൾ പുറത്തേക്ക് കടക്കുന്നതിനാൽ ഇങ്ങനെ ചെയ്യുന്ന ബാത്‌റൂം ഇടക്കിടെ വൃത്തിയാക്കേണ്ടി വരും. മതിയായ വായുസഞ്ചാരം ഇല്ലാത്ത ടോയ്‌ലറ്റുകളാണെങ്കിൽ അടച്ചുവച്ചതുകൊണ്ട് മാത്രം കാര്യമില്ല. അവ ഇടയ്‌ക്കിടെ വൃത്തിയാക്കുക തന്നെ വേണം.

cleaning-toilet

ഉപയോഗശേഷം ഫ്ളഷ് ചെയ്‌ത് അടച്ചുവയ്‌ക്കുന്നത് വഴി ടോയ്‌ലറ്റിന്റെ ദുർഗന്ധവും അകറ്റാൻ സാധിക്കും. എന്നാൽ ടോയ്‌ലറ്റ് സീറ്റിലെയടക്കം വെള്ളത്തിന്റെ അംശം കളഞ്ഞശേഷം വേണം വീണ്ടും ഉപയോഗിക്കാൻ. ആഴ്‌ചയിലൊരിക്കൽ ടോയ്‌ലറ്റ് ബൗൾ കൃത്യമായി കഴുകണം. ബാത്‌റൂം സീറ്റിലും ചുറ്റിലും പറ്റിപ്പിടിച്ച ജലവും ജലകണവും തുടച്ചുകളയാൻ തുണിയോ നേർത്ത കടലാസോ സൂക്ഷിക്കുന്നത് ഉചിതമാണ്. ഇത് വൃത്തിയാകുന്നതിനൊപ്പം അണുക്കൾ വഴിയുള്ള മോശം നാറ്റവും അകറ്റും.

ടോയ്‌ലറ്റിന് സമീപത്തുനിന്നും നിങ്ങളുടെ സ്‌കിൻ കെയർ ഉൽപ്പന്നങ്ങൾ,​ ടൂത്ത് ‌ബ്രഷ് എന്നിവയൊക്കെ എടുത്തുമാറ്റണം. ഉപയോഗശേഷം ബാത്‌റൂമിലെ വായു പുറത്തുപോകാൻ എക്‌സ്‌ഹോസ്റ്റ് ഫാനിടുകയോ ജനൽ തുറന്നിടുകയോ വേണം. നാം ശുചിത്വമുള്ളവരാണോ എന്നറിയാൻ നമ്മുടെ ബാത്‌റൂം എങ്ങനെ പരിപാലിക്കുന്നു എന്ന് നോക്കിയാൽ മതിയെന്നാണ് അറിവുള്ളവർ പറയാറ്. ഇത് പോലെ വൃത്തിയായി വേണം അവിടം പരിപാലിക്കാൻ. ഏറെനാൾ ഉപയോഗിക്കാതെ ഇരിക്കുന്ന ഘട്ടത്തിൽ ടോയ്‌ലറ്റ് ലിഡ് അടച്ചിടുന്നതാണ് നല്ലത്. വീണ്ടും ഉപയോഗിക്കും മുൻപാകട്ടെ ഒന്നുകൂടി ടോയ്‌ലറ്റ് ആഴത്തിൽ വൃത്തിയാക്കുന്നതും ഉചിതമാണ്.

യുകെയിലെ ഒരു ആശുപത്രിയിൽ നടത്തിയ പഠനത്തിൽ ടോയ്‌ലറ്റ് ലിഡ് അടച്ചുവച്ച് ഫ്ളഷ് ചെയ്യുന്നത് ബാക്‌ടീരിയകളെ പടരുന്നതിനെ കുറയ്‌ക്കുന്നു. അപ്പോഴും ടോയ്‌ലറ്റ് സീറ്റിന്റെ വശങ്ങളിലെ വഴിയിലൂടെ പുറത്തേക്ക് ജലകണികകൾ വഴി ബാക്‌ടീരിയകൾക്ക് എത്താനാകുന്നുണ്ട് എന്ന് മനസിലായി. നഗരങ്ങളിലെ ചെറു ബാത്‌റൂമുകളിൽ ടോയ്‌ലറ്റും കുളിക്കാനുള്ള സിങ്കും അടുത്തടുത്തുള്ളയിടങ്ങളിൽ ഇതിന് സാദ്ധ്യത ഏറെയാണെന്നും മനസിലായി.

ലിഡും ടോയ്‌ലറ്റ് സീറ്റും തുറന്ന് ഫ്‌ളഷ് ചെയ്യുമ്പോൾ പലതരം അണുക്കൾ പുറത്തേക്ക് തെറിക്കും. ഇതൊഴിവാക്കാൻ ടോയ്‌ലറ്റിലെ വൃത്തിയെക്കുറിച്ച് വിദഗ്ദ്ധർ പറയുന്നത് അനുസരിക്കണം. സീറ്റുകൾ താഴ്‌ത്തി,​ ലിഡ് താഴ്‌ത്തി ഫ്ളഷ് ചെയ്യാം. വെള്ളം മുകളിലേക്ക് തെറിക്കുന്നത് അവസാനിച്ചു എന്നുറപ്പായാൽ മൂടി തുറക്കാം.

TAGS: CLEANING TOILET, TOILETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.