അരി മുതൽ പച്ചക്കറികൾക്ക് വരെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരാണ് മലയാളികൾ. എന്നാൽ വിഷമയവും പഴകിയതും ഗുണമേൻമയില്ലാത്തതുമായ പച്ചക്കറികളുടെയും പഴങ്ങളുടെയും വരവ് കൂടിയതോടെ കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കൂടി. സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ചെറുകിട കർഷകർ ഉൾപ്പെടെ പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങി. കൃഷി ഭവനുകളുടെ ആഭിമുഖ്യത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും മട്ടുപ്പാവ് കൃഷിയും അടുക്കള തോട്ടങ്ങളും ഉൾപ്പെടെ നടപ്പാക്കിയതോടെ സാധാരണക്കാരും കൃഷിയിൽ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നു.
ഭൂമിയുടെ അഭാവം, വന്യജീവി ശല്യം, മഴക്കെടുതി എന്നിവയ്‌ക്ക് ഒപ്പം കാർഷിക മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പ്രാപ്തരായ തൊഴിലാളികളെ കിട്ടുന്നില്ല എന്നത്. .ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ കാർഷിക ഗ്രാമമായ കല്ലിയൂർ. . കൃഷിയുടെ ഊരെന്ന് വിശേഷിപ്പിക്കുന്ന കല്ലിയൂർ കൃഷിഭവന് മേൽനോട്ടത്തിൽ ആരംഭിച്ച് ഇന്ന് വിജയകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കല്ലിയൂർ കാർഷിക കർമ്മസേന. .കല്ലിയൂർ പഞ്ചായത്തിലും , നേമം ബ്ലോക്ക് പരിധിയിലെ വിവിധ കൃഷിഭവനുകളിലും കല്ലിയൂർ കാർഷിക കർമ്മസേനയുടെ സേവനങ്ങൾ ലഭിക്കുന്നു. ഗുണമമേന്മയുള്ള പച്ചക്കറി തൈകൾ , കുരുമുളക് തൈകൾ , മറ്റു കാർഷിക വിളകളുടെ തൈകൾ തുടങ്ങിയവ ഉത്പാദിപ്പിച്ച് വിവിധ കൃഷി ഭവനുകൾക്കും കർഷകർക്കും കാർഷിക കർമ്മസേന നൽകി വരുന്നു, ഇത് കൂടാതെ കൃഷിക്കാവശ്യമായ വളക്കൂട്ടുകൾ, വളർച്ചാ ത്വരഗങ്ങൾ മുതലായവയും ഉത്പാദിപ്പിച്ച് വരുന്നു.
35 നും 60നും ഇടൽ പ്രായമുള്ള 18 അംഗങ്ങളാണ് കാർഷിക കർമ്മസേനയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 6 പേർ പുരുഷൻമാരും 12 പേർ സ്ത്രീകളുമാണ്. അപേക്ഷ ക്ഷണിച്ച് ഇന്റർവ്യുവും കായിക ക്ഷമതയും പരിശോധിച്ചാണ് കർമ്മസേനയിലേക്ക് ഇവരെ തിരഞ്ഞെടുക്കുന്നതെന്ന് കർമ്മസേനയുടെ ചുമതലയുള്ള കൃഷി അസിസ്റ്റന്റ് ജെ.എസ്. അനിൽകുമാർ പറഞ്ഞു.
തേങ്ങയിടാൻ തൊഴിലാളികളെ കിട്ടാത്ത അവസ്ഥ പരിഹരിക്കുന്നതിനും കർമ്മസേന മുന്നിലുണ്ട്. ഇവരുടെ വിദഗ്ദ്ധ തൊഴിലാളികൾ തെങ്ങിൽ കയറി തേങ്ങയിടുന്നത് കൂടാതെ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കീടരോഗ നിയന്ത്രണ മാർഗങ്ങളും ചെയ്തുകൊടുക്കുന്നു. തെങ്ങിന് തടം തുറന്ന് ശാസ്ത്രീയമായ വളപ്രയോഗം നടത്തുക, കാട് പിടിച്ചു കിടക്കുന്ന കൃഷിയിടങ്ങൾ വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി നൽകുന്നതും കാർഷിക കർമ്മസേനയുടെ പ്രവർത്തനങ്ങളിൽ പെടുന്നു. കാർഷിക മേഖലയിൽ യന്ത്രവത്കരണ പ്രവർത്തനങ്ങളും കല്ലിയൂർ കൃഷി ഭവന്റെയും കാർഷിക കർമ്മസേനയുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. ഓരോ സീസണിലും കൃഷി ചെയ്യുന്നതിനാവശ്യമായ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ച് നൽകി വരുന്നുണ്ട്. നടീൽ വസ്തുക്കൾ ആവശ്യമുള്ള കർഷകർക്ക് കർമ്മസേനയുടെ തൈ ഉൽപ്പാദക നഴ്സറിയിൽ നിന്നും ലഭിക്കുന്നതാണ്
പുതുതലമുറ കാർഷിക മേഖലയിലേക്ക് കടന്നുവരുവാൻ മടിക്കുന്ന വർത്തമാന കാലത്ത് തൊഴിൽ രഹിതരായ ഒരുകൂട്ടം തൊഴിലാളികളെ അണിനിരത്തി അവർക്ക് കാർഷിക പരിശീലനങ്ങൾ നൽകി, സംസ്ഥാനത്തിന് മാതൃകയായി കല്ലിയൂർ കാർഷിക കർമ്മസേന പ്രവർത്തിക്കുകയാണെന്ന് കൃഷി ഓഫീസർ പി. മേരി ലത പറഞ്ഞു. . . കല്ലിയൂർ കാർഷിക കർമ്മസേനയുടെ സേവനങ്ങൾ ലഭിക്കുന്നതിന് കല്ലിയൂർ കൃഷശിഭവനുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ :94469 4489,9048825488
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |