
കോന്നി: കോന്നി - കൊക്കാത്തോട് റോഡിലെ യാത്രക്കാർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി വനമേഖലയിൽ ഉയർന്നുനിൽക്കുന്ന പാപ്പിനി കോട്ടമല. കല്ലേലി വഴക്കരയിൽ നിന്നും വഴക്കര പാലത്തിൽ നിന്നും ഒരേക്കറിൽ നിന്നും പാപ്പിനി കോട്ടയുടെ മനോഹര ദൃശ്യം ആസ്വദിക്കാം.
അച്ചൻകോവിലാറിന്റെ വടക്കായിട്ടാണ് പാപ്പിനി കോട്ടമല സ്ഥിതി ചെയ്യുന്നത്. കോട്ടയിൽ നിന്ന് ഉത്ഭവിക്കുന്ന നീർച്ചാലുകൾ അച്ചൻകോവിലാറിന്റെ കൈവഴികളായ കൊക്കാത്തോട്, നടുവത്തുമൂഴി തോടുകളിലേയ്ക്കൊഴുകുന്നു. പാപ്പിനി കോട്ടയുടെ തെക്ക് കിഴക്കായാണ് കാട്ടാത്തിപ്പാറയുള്ളത്.
ഇഞ്ച ചപ്പാത്തിന് വടക്ക് കിഴക്കായി കോന്നി വനം ഡിവിഷനിലെ വനമേഖലയിലാണ് പാപ്പിനി ഉപനീർത്തടം. ഇതിന്റെ വടക്കുള്ള നീർച്ചാലുകൾ നടുവത്തുമൂഴി തോട്ടിലേക്ക് വെള്ളം എത്തിക്കുന്നു. നിരവധി മലകളാൽ ചുറ്റപ്പെട്ട വലിയ പ്രദേശമാണിവിടം. കോടമല, ഉളക്കശാന്തി പാറ, മേടപാറ, കാട്ടാത്തിപ്പാറ, കൊതകുത്തിപ്പാറ, പഴങ്കഞ്ഞിപ്പാറ എന്നീ മലകളാണ് ഇതിന് സമീപത്തുള്ളത്.
ആദിവാസികൾ താമസിക്കുന്ന കാട്ടാത്തി, കോട്ടാംപാറ മേഖലകൾ ഈ പ്രദേശത്തിന് സമീപത്താണ്. വനമേഖലയിലാണ് പുരാതനമായ കുറിച്ചി അന്നപൂർണേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാട്ടാനകൾ നശിപ്പിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. വർഷത്തിലൊരിക്കൽ ഇവിടെ ഉത്സവം നടക്കാറുണ്ട്.
ഉയരം-395 മീറ്റർ
ഉപനീർത്തട വിസ്തൃതി-9.6035 ചതുരശ്ര കിലോമീറ്റർ
കഥകളുറങ്ങുന്ന പാറകൾ
കോടമലയ്ക്ക് അച്ചൻകോവിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട്. കാട്ടാളന്റെയും കാട്ടാളത്തിയുടെയും പ്രതികാരത്തിന്റെ കഥ പറയുന്നതാണ് കാട്ടാത്തിപാറ. പഴയകാലത്ത് കൊക്കാത്തോട്ടിലേക്ക് കാൽനടയായി യാത്ര ചെയ്തിരുന്നവർ പാറയിൽ ചവിട്ടി കയറാൻ പടികൾ കൊത്തിയ പാറയാണ് കൊതകുത്തിപ്പാറ. പാളപ്പൊതിയുമായി അക്കാലത്ത് യാത്ര ചെയ്തിരുന്ന ആളുകൾ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ഉപയോഗിച്ചിരുന്ന പാറയാണ് പഴങ്കഞ്ഞി പാറ.
പാപ്പിനി കോട്ടയിലെ നീർച്ചാലുകളിലെ ജലമാണ് അച്ചൻകോവിലാറ്റിൽ എത്തുന്നത്.
ഡോ. അരുൺ ശശി
ചരിത്ര ഗവേഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |