
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സൗഹൃദ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. യു.എ.ഇയുടെ വളർച്ചയിൽ മലയാളികൾ വഹിച്ച പങ്ക് ആ സൗഹൃദത്തെ കൂടുതൽ ഊഷ്‌മളമാക്കാൻ പര്യാപ്തമായിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. അതിനാൽത്തന്നെ, യു.എ.ഇയുമായുള്ള ഏതൊരു കരാറും കേരളത്തിലും സാമ്പത്തിക ചലനങ്ങൾ സൃഷ്ടിക്കാൻ പോന്നതായിരിക്കും. യു.എ.ഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂന്നു മണിക്കൂർ മാത്രം നീണ്ടുനിന്ന ഇന്ത്യാ സന്ദർശന വേളയിൽ തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം അടക്കമുള്ള അഞ്ച് സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് ഒപ്പിട്ടത്. ഇതിനു പുറമെ, സഹകരണത്തിന്റെ ഏഴ് പുതിയ പ്രഖ്യാപനങ്ങളും ഇരു രാജ്യങ്ങളും നടത്തി. ആഗോളതലത്തിലും പശ്ചിമേഷ്യയിലും നടക്കുന്ന സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ഈ പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു, യു.എ.ഇ പ്രസിഡന്റിനെ പ്രോട്ടോക്കോൾ മാറ്റിവച്ച് ഡൽഹി പാലം വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദി നേരിട്ടെത്തി സ്വീകരിച്ച രീതി. തുടർന്ന് ഒരേ കാറിലാണ് ഇരുവരും ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യാത്രചെയ്തത്. ഇരു രാഷ്ട്ര നേതാക്കളും അവിടെവച്ച് നടത്തിയ ഉഭയകക്ഷി സംഭാഷണത്തിനൊടുവിലാണ് സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പിട്ടത്. ദുബായ്, അബുദാബി രാജകുടുംബാംഗങ്ങളും യു.എ.ഇ മന്ത്രിമാരും വ്യവസായ പ്രമുഖരും ഒപ്പമുണ്ടായിരുന്നു. ഇന്ത്യ - യു.എ.ഇ വാണിജ്യ ഇടപാട് 2032-ൽ 20,000 കോടി ഡോളറായി ഉയർത്തുന്ന കരാറുകളിലാണ് ധാരണയായത്. പ്രതിരോധ, ഊർജ്ജ മേഖലയിലെ സഹകരണമാകും വിപുലമാക്കുക. പ്രതിരോധ വ്യവസായ സഹകരണം, സാങ്കേതികവിദ്യാ കൈമാറ്റം, സൈബറിടത്തിലെയും ഭീകരവിരുദ്ധ പ്രവർത്തനത്തിലെയും സഹകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതിനു പുറമെ ബഹിരാകാശ വ്യവസായ വികസനത്തിനും വാണിജ്യ സഹകരണത്തിനും യു.എ.ഇയുടെ ബഹിരാകാശ ഏജൻസിയും ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓഥറൈസേഷൻ സെന്ററും തമ്മിൽ ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ഇതിന്റെ ഭാഗമായി യു.എ.ഇയിൽ ബഹിരാകാശ വിക്ഷേപണ സൗകര്യം ഏർപ്പെടുത്താൻ ഇന്ത്യ തയ്യാറാകും. യു.എ.ഇയും ഗുജറാത്ത് സർക്കാരും തമ്മിലും ഗുജറാത്തിലെ ധൊലേറയിൽ പ്രത്യേക നിക്ഷേപ മേഖല വികസിപ്പിക്കാൻ ധാരണാപത്രം ഒപ്പിട്ടു. അന്തർദ്ദേശീയ വിമാനത്താവളം, ഹരിത തുറമുഖം, സ്മാർട്ട് ടൗൺഷിപ്പ്, പൈലറ്റ് ട്രെയിനിംഗ് സ്‌കൂൾ, വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും, റെയിൽവേ കണക്‌റ്റിവിറ്റി എന്നിവ അടങ്ങുന്നതാണ് ഈ ബൃഹദ് പദ്ധതി.
അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ കമ്പനിയായ അഡ്‌നോക്കും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ഒപ്പിട്ട കരാർ പ്രകാരം 2038 വരെ 0.5 മെട്രിക് ടൺ എൽ.എൻ.ജി നമുക്ക് വിൽക്കുന്നതായിരിക്കും. ഇന്ത്യയിൽ നിന്ന് ഭക്ഷ്യ പച്ചക്കറി കയറ്റുമതി വർദ്ധിപ്പിക്കാനുള്ള കരാർ, കേരളത്തിലും ഇതുമായി ബന്ധപ്പെട്ട ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വരുമാന വർദ്ധനവിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതായിരിക്കും. ഇന്ത്യയിൽ എ.ഐ സൂപ്പർ കമ്പ്യൂട്ടർ ക്ളസ്റ്റർ സ്ഥാപിക്കുക, ഡാറ്റാ സെന്റർ ക്ഷമത വർദ്ധിപ്പിക്കാൻ ഇന്ത്യയിൽ നിക്ഷേപം നടത്തുക, ഡിജിറ്റൽ ഡാറ്റ എംബസി സ്ഥാപിക്കുക തുടങ്ങിയ പരസ്പര സഹകരണ പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളും നടത്തി. ഈ കരാറുകളുടെ ചുവടുപിടിച്ച് കേരളത്തിൽ തുടങ്ങാൻ കഴിയുന്ന പദ്ധതികളെക്കുറിച്ച് സംസ്ഥാന സർക്കാരും ആലോചിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |