
കൊച്ചി: സ്കൂൾ വിട്ട് സൈക്കിളിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് റോഡിൽ തെറിച്ചു വീണു ഗുരുതര പരിക്കേൽക്കാൻ ഇടയായത് സമീപം പാർക്ക് ചെയ്തിരുന്ന മിനി വാനിന്റെ വാതിൽ അശ്രദ്ധമായി തുറന്നപ്പോഴാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളെ സ്കൂളിലെത്തിക്കാൻ ഉപയോഗിക്കുന്ന ഈ വാനിന്റെ ഡ്രൈവർ പോണേക്കര സുഭാഷ്‌നഗർ മുണ്ടക്കൽ പറമ്പിൽ രാജിയെ (54) എളമക്കര പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും മനുഷ്യജീവന് അപകടമുണ്ടാകുന്ന രീതിയിൽ പ്രവർത്തിച്ചതിനുമാണ് കേസ്.
അഞ്ച് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 15ന് വൈകിട്ട് 3.43നാണ് എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ദീക്ഷിതയ്ക്ക് (16) പരിക്കേറ്റത്. പുതുക്കലവട്ടത്തെ വീട്ടിലേക്ക് സൈക്കിളിൽ പോകുംവഴിയായിരുന്നു സംഭവം. വീഴ്ചയുടെ ആഘാതത്തിൽ കരളിന് രക്തസ്രാവമുണ്ടായ വിദ്യാർത്ഥിനി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടനില തരണം ചെയ്തു.
ഇതുവഴി പോയ കറുത്ത കാർ സൈക്കിളിൽ ഇടിച്ചെന്നായിരുന്നു പൊലീസ് ആദ്യം സംശയിച്ചത്.
* കുറ്റം സമ്മതിച്ചത് സി.സി ടിവി ദൃശ്യം കാണിച്ചപ്പോൾ
അപകടം നടന്നതിന് 75 മീറ്റർ അകലെയുള്ള വീട്ടിലെ സി.സി ടിവി ക്യാമറയിൽ നിന്ന് ലഭിച്ച വിദൂര ദൃശ്യമാണ് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ പൊലീസിന് പിടിവള്ളിയായത്. ബാങ്കിന് സമീപം റോഡരികിൽ സ്കൂൾ വിദ്യാർത്ഥികളുമായി പാർക്ക് ചെയ്തിരുന്ന മാരുതി ഈക്കോ വാനിന്റെ മുന്നിലെ വാതിൽ തുറന്ന് രാജി പുറത്തിറങ്ങുന്നതും ഡോർ സൈക്കിളിൽ തട്ടുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ആദ്യം സംഭവം നിഷേധിച്ച രാജി ദൃശ്യങ്ങളുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പൊലീസിന് ആദ്യം കിട്ടിയ ദൃശ്യത്തിൽ റോഡിൽ വീണുകിടക്കുന്ന ദീക്ഷിതയുടെ അടുത്തേക്ക് രാജി ഉൾപ്പെടെയുള്ളവർ ഓടിയെത്തുന്നത് കാണാമായിരുന്നു. തെളിവു ശേഖരണത്തിന്റെ ഭാഗമായി രാജിയെ ചോദ്യം ചെയ്തപ്പോൾ കുട്ടിയെ വാഹനം ഇടിച്ചതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നും പാവാട സൈക്കിളിൽ കുടുങ്ങി തെറിച്ചു വീണതാകാമെന്നുമായിരുന്നു മൊഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |