
തിരുവനന്തപുരം: ഔദ്യോഗികമായി യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും നിയമസഭയിൽ പ്രാതിനിധ്യമുള്ള ഘടകകക്ഷികളുമായി ഇന്നലെ പ്രാഥമിക ചർച്ചകൾ തുടങ്ങി. മുസ്ലീം ലീഗ് നേതാക്കളുമായാണ് ആദ്യഘട്ട ആശയവിനിമയം നടന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് , യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ ലീഗ് നേതാക്കളുമായി സംസാരിച്ചു..
ആർ.എസ്.പി, സി.എം.പി തുടങ്ങയ മറ്റു കക്ഷികളുമായി പിന്നീട് ചർച്ച നടത്തും.
നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഈ ആഴ്ചയും അടുത്താഴ്ചയും തുടർച്ചയായ ദിവസങ്ങളിൽ കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും നേതാക്കൾ തലസ്ഥാനത്തുണ്ടാവും.. മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. കേരളകോൺഗ്രസ് (ജോസഫ് ) സീറ്റുകളുടെ കാര്യത്തിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചേക്കും. ജയസാദ്ധ്യതയുള്ള സീറ്റുകൾ തങ്ങൾക്ക് നൽകണമെന്നും മുമ്പ് മത്സരിച്ചിരുന്ന ചില മണ്ഡലങ്ങൾ മാറ്റി നൽകണമെന്നും ആർ.എസ്.പി ആവശ്യപ്പെടും.
കേരളകോൺഗ്രസ് (മാണി) മുന്നണി മാറ്റം തത്ക്കാലം അടഞ്ഞ അദ്ധ്യായമെന്ന നിലയ്ക്കാണ് ചർച്ചകൾ . ഇടതു മുന്നണി വിടുന്ന പ്രശ്നമില്ലെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും , ചെറു സാദ്ധ്യതകൾ അവശേഷിക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലീഗും കോൺഗ്രസിലെ ചില നേതാക്കളും. ഇടതുപക്ഷത്തുള്ള ചില കക്ഷികളും യു.ഡി.എഫിൽ കണ്ണു വയ്ക്കുന്നുണ്ട്. പ്രതിപക്ഷ നേതാവുമായും കെ.പി.സി.സി അദ്ധ്യക്ഷനുമായും സ്ക്രീനിംഗ് കമ്മിറ്റി കൂടിക്കാഴ്ച നടത്തും..ഫെബ്രുവരി ആദ്യ വാരത്തിലാവും വിശദമായ ചർച്ചയിലേക്ക് കടക്കുക. അതിന് മുമ്പ്, കോൺഗ്രസ് മത്സരിക്കേണ്ട മണ്ഡലങ്ങളെക്കുറിച്ചുള്ള രൂപരേഖയാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |