
വാഷിംഗ്ടൺ: ഗ്രീൻലൻഡ്, വെനസ്വേല, കാനഡ എന്നിവയെ യു.എസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന എ.ഐ മാപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പടിഞ്ഞാറൻ അർദ്ധഗോളത്തിന്റെ നല്ലൊരു ഭാഗവും യു.എസിന്റേതായി ചിത്രീകരിക്കുന്ന മാപ്പ് വൈറ്റ് ഹൗസിൽ വച്ച് നാറ്റോ നേതാക്കൾക്ക് കാണിച്ചു നൽകുന്ന എ.ഐ ചിത്രമാണ് ട്രംപ് ആദ്യം പോസ്റ്റ് ചെയ്തത്.
പിന്നാലെ ഗ്രീൻലൻഡിൽ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും ഒപ്പം യു.എസ് പതാക സ്ഥാപിക്കുന്ന എ.ഐ ചിത്രവും ട്രംപ് പോസ്റ്റ് ചെയ്തു. 'ഗ്രീൻലൻഡ്, യു.എസ് പ്രദേശം, സ്ഥാപിതമായത് - 2026" എന്നെഴുതിയ ബോർഡും ഈ ചിത്രത്തിലുണ്ട്.
കാനഡയെ യു.എസിന്റെ 51-ാം സംസ്ഥാനമാക്കുമെന്ന് ട്രംപ് മുമ്പ് ഭീഷണി മുഴക്കിയിരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വ്യോമാക്രമണം നടത്തി പിടികൂടി തടങ്കലിലാക്കിയതോടെ വെനസ്വലേയെ തന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ് ട്രംപ്.
ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണാധികാരമുള്ള ദ്വീപായ ഗ്രീൻലൻഡിനെ ദേശീയ സുരക്ഷ മുൻനിറുത്തി യു.എസിന് വേണമെന്നാണ് ട്രംപിന്റ ആവശ്യം. പണം നൽകിയോ, വേണ്ടി വന്നാൽ സൈന്യത്തെ ഉപയോഗിച്ചോ അത് നേടുമെന്നും ആവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |