
മുംബയ്: അടുത്ത മാസം ആദ്യം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് കളിക്കണമെങ്കിൽ ബംഗ്ളാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തണമെന്ന് വ്യക്തമാക്കി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇന്ന് ഓൺലൈനായി ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തുന്ന ബംഗ്ളാദേശ് കളിക്കാർക്കോ, ആരാധകർക്കോ, മാദ്ധ്യമപ്രവർത്തകർക്കോ ടൂർണമെന്റിന്റെ ഏതെങ്കിലും വേദികളിൽ നിന്ന് ഭീഷണിയുണ്ടാകില്ലെന്ന് ഐസിസി വ്യക്തമാക്കി.
യോഗത്തിൽ പങ്കെടുത്ത 15 ഡയറക്‌ടർമാരിൽ പാകിസ്ഥാൻ ബോർഡ് ഒഴികെ മറ്റെല്ലാവരും ബംഗ്ളാദേശ് സുരക്ഷാകാരണത്താൽ ഇന്ത്യയിലെത്താൻ തയ്യാറായില്ലെങ്കിൽ മറ്റൊരു ടീമിനെ പകരം വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. മിക്കവരും ഐസിസി റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ സ്‌കോട്‌ലൻഡ് ഇന്ത്യയിലെത്തണമെന്നാണ് അഭിപ്രായപ്പെട്ടത്. പാകിസ്ഥാൻ എതിർപ്പ് ഉന്നയിച്ചതോടെയാണ് ഇന്ന് നിർണായക യോഗം ചേർന്നത്.
ബംഗ്ളാദേശിന് ഐസിസി ഒരു ദിവസം കൂടി സമയം അനുവദിച്ചു. 'ബംഗ്ളാദേശ് കളിക്കാർക്കും, മാദ്ധ്യമപ്രവർത്തകർക്കും, ഉദ്യോഗസ്ഥർക്കും, ആരാധകർക്കും ഇന്ത്യയിലെ വേദികളിൽ ഒരു ഭീഷണിയുമില്ലെന്ന് കണ്ടെത്തിയ സ്വതന്ത്രമായ സുരക്ഷാ അവലോകനം അടക്കം പരിഗണിച്ചശേഷമാണ് തീരുമാനം എടുത്തത്.' ഐസിസി പ്രസ്‌താവനയിൽ പറയുന്നു.
ജനുവരി നാലിനാണ് ഇന്ത്യയിലാണ് ട്വന്റി20 ലോകകപ്പെങ്കിൽ ടീമിനെ അയക്കില്ലെന്ന് ബിസിബി, ഐസിസിയ്‌ക്ക് കത്തയച്ചത്. മൂന്നാം ആഴ്‌ചയിലേക്ക് നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഐസിസി അന്ത്യശാസനം നൽകിയിരിക്കുന്നത്. ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബംഗ്ളാദേശ് ഉൾപ്പെടുന്നത്. ഫെബ്രുവരി 7, 9,14 തീയതികളിൽ കൊൽക്കത്തയിലും 17ന് മുംബയിലുമാണ് ടീമിന് മത്സരങ്ങളുള്ളത്. ഇത് ശ്രീലങ്കയിലേക്ക് മാറ്റണമെന്നതാണ് ബിസിബിയുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |