
മുംബയ്: ലോകപ്രശസ്ത ലോണാർ തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായ ഉയരുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് തടാകമുള്ളത്. ജലനിരപ്പ് ഉയരുന്നത് ജൈവവൈവിദ്ധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നത് കണക്കിലെടുത്ത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഒരു പൊതുതാൽപര്യ ഹർജി രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബർ മുതലാണ് തടാകത്തിലെ ജലനിരപ്പ് ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തടാകത്തിന് ചുറ്റുമുള്ള വറ്റാത്ത നിരുറവകളിൽ നിന്നുള്ള നീരൊഴുക്ക് ഏകദേശം 15 മുതൽ 20 അടി വരെ ഉയർന്നതായും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ഇതേതുടർന്ന് തീരങ്ങളിലുള്ള നിരവധി പുരാതന ശിവക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായി. ലോകപ്രശസ്തമായ കമൽജ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിലും വെള്ളത്തിനടിയിലായി. മുമ്പ് കാണാമായിരുന്ന ക്ഷേത്രത്തിന് മുന്നിലുള്ള ദീപസ്തംഭം ഇപ്പോൾ പകുതി വെള്ളത്തിനടിയിലാണ്. ഇത് സങ്കീർണമാക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ലോണാർ ഉപ്പുവെള്ള തടാകാമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
കഴിഞ്ഞ മൂന്ന്-നാല് മാസങ്ങളായി നീരുറവകളിൽ നിന്നുള്ള ശുദ്ധജലം തുടർച്ചയായി കലരുന്നത് അതിന്റെ ലവണാംശത്തെ ഭീഷണിപ്പെടുത്തുമെന്നും പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ തടാകത്തിൽ മത്സ്യങ്ങളെ കാണാനും തുടങ്ങിയിട്ടുണ്ട്. ഇത് ഉപ്പുവെള്ള തടാകത്തിന്റെ സ്വാഭാവിക പാരിസ്ഥിതിക ഘടനയ്ക്ക് ഹാനികരമാകാമെന്നാണ് വിലയിരുത്തൽ.
ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് രാജ് വകോഡ് എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകൻ മോഹിത് ഖജാഞ്ചിയെ 'അമിക്കസ് ക്യൂറി' (കോടതിയുടെ സുഹൃത്ത്) ആയി നിയമിക്കുകയും അടുത്ത ഏഴ് ദിവസത്തിനുള്ളിൽ വിശദമായ പൊതുതാൽപര്യ ഹർജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഉത്തരവുകളെ തുടർന്ന് ഛത്രപതി സംഭാജിനഗറിൽ നിന്നുള്ള ഭൂഗർഭജല വിദഗ്ദ്ധൻ പ്രൊഫസർ അശോക് തേജങ്കറും തഹസിൽദാർ ഭൂഷൺ പാട്ടീലും തടാകം പരിശോധിച്ചു. ജലനിരപ്പ് ഉയരുന്നതിനുള്ള കൃത്യമായ ശാസ്ത്രീയ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടാതെ ആഴത്തിലുള്ള ഗവേഷണത്തിന്റെ ആവശ്യകത വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഉൽക്കാശിലയുടെ ആഘാതത്താലാണ് ലോണാർ തടാകം ഉണ്ടായതെന്നാണ് ചരിത്രത്തിൽ പറയുന്നത്. ഇത് ലോകമെമ്പാടുമുള്ള പണ്ഡിതന്മാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |