
പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു
ഇംഫാൽ: കുക്കി വിഭാഗത്തിലുള്ള ഭാര്യയെ കാണാനെത്തിയ മെയ്‌തി യുവാവിനെ കൊലപ്പെടുത്തിയ കേസ് എൻ.ഐ.എ അന്വേഷിക്കും.
സംഭവത്തിൽ അതീവ ദുഃഖം അറിയിച്ച മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല സമഗ്രവും നിഷ്‌പക്ഷവുമായി അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണെന്നും അറിയിച്ചു. എം.പിയായ അംഗോംച ബിമോൾ അകോയിജാം, എം.എൽ.എമാരായ തോക്‌ചോം ലോകേശ്വർ സിംഗ്, കങ്കുജം രഞ്ജിത് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത ആക്ഷൻ കമ്മിറ്റി ഗവർണറെ സന്ദർശിച്ച് സംഭവത്തിൽ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് കാക്ചിംഗ് സ്വദേശി മയംഗ്ലംബം ഋഷികാന്ത സിംഗിനെ (29) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നേപ്പാളിൽ ജോലി ചെയ്യുന്ന ഋഷികാന്ത അവധിക്ക് നാട്ടിലെത്തി കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യ ചിങ്നു ഹാവോകിപ്പിനൊപ്പം താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് സായുധരായ സംഘം ദമ്പതികളെ ചുരാചന്ദ്പൂരിലെ തുയിബോങ്ങിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ഭാര്യയെ വിട്ടയച്ച അക്രമികൾ ഋഷികാന്തയെ നട്ചാംഗ് ഗ്രാമത്തിൽ കൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നു. കൊലപ്പെടുത്തുന്ന വീഡിയോ കലാപകാരികൾ തന്നെയാണ് പുറത്തുവിട്ടത്.
സംഘർഷാവസ്ഥ
യുവാവിന്റെ കൊലപാതകത്തോടെ മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. പ്രധാന സ്ഥലങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഋഷികാന്തയുടെ ബന്ധുക്കൾക്ക് മണിപ്പൂർ സർക്കാർ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ സർക്കാർ ദുഃഖം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |