
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. ആഘോഷങ്ങൾക്കിടെ ഭാവി പദ്ധതികളെക്കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ.
ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നിവിടങ്ങളിലായി നടക്കുന്ന 2027 ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഐപിഎല്ലിന് ശേഷം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ബൗൺസുള്ള പിച്ചുകളിൽ കളിക്കുക അത്ര എളുപ്പമല്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ദക്ഷിണാഫ്രിക്കയിൽ ക്രിക്കറ്റ് കളിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അവിടത്തെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന താരങ്ങൾ ആരെല്ലാമാണെന്ന് ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ടീം കോമ്പിനേഷനുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണം. സെലക്ടർമാരും കോച്ചുമാരും ചേർന്ന് അത് ചെയ്യും. ഐപിഎൽ കഴിയുമ്പോഴേക്കും 2027 ഏകദിന ലോകകപ്പിനുള്ള കൃത്യമായ പ്ലാൻ ഇന്ത്യയുടെ കൈവശമുണ്ടാകും'- ഗംഭീർ പറഞ്ഞു.
ടീമിലെ ഐക്യത്തെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്കും ഗംഭീർ മറുപടി നൽകി. ടീമിലെ ഭൂരിഭാഗം അംഗങ്ങളും തന്നിൽ അതൃപ്തരാണെങ്കിൽ പരിശീലകന്റെ സ്ഥാനം തുടരില്ലെന്നും ഗംഭീർ വ്യക്തമാക്കി.
'എന്റെ രീതി വളരെ സിംപിളാണ്. ടീമിലെ ഭൂരിഭാഗം പേർക്കും എന്നെ ഇഷ്ടമല്ലെങ്കിൽ പിന്നെ ഞാൻ ആ ഡ്രസ്സിംഗ് റൂമിൽ നിന്നിട്ട് ഒരു കാര്യവുമില്ല. അവർക്ക് എന്നെക്കൊണ്ട് കുഴപ്പമില്ലെങ്കിൽ എന്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് അർത്ഥം.
നിങ്ങൾ കാര്യങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്താൽ ടീമിനുള്ളിലെ അന്തരീക്ഷം എങ്ങനെയുള്ളതാണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. ഇത്രയധികം ക്യാമറകളും മാദ്ധ്യമ ശ്രദ്ധയുമുള്ളപ്പോൾ ഇന്ത്യൻ ടീമിലെ കാര്യങ്ങളൊന്നും ആർക്കും ഒളിച്ചുവയ്ക്കാൻ പറ്റില്ല.
ടീമിനുള്ളിലെ അവസ്ഥ മോശമാണെന്നൊക്കെ പറയുന്നത് അസംബന്ധമാണ്. അതിന് ഞാനോ ക്യാപ്ടനോ മറുപടി പറയേണ്ട കാര്യമില്ല. ഞങ്ങളുടെ യാത്രകളും പ്രാക്ടീസ് സെഷനുകളും പ്ലെയേഴ്സിന്റെ ഇന്റർവ്യൂസടക്കം നിരീക്ഷിച്ചാൽ ടീമിലെ കാര്യങ്ങൾ എങ്ങനെയാണെന്ന് വ്യക്തമാകും'- ഗംഭീർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |