
തിരുവല്ല: കരവിരുതിന്റെ കമനീയതയിൽ ഒരുക്കിയ മഹിഷീനിഗ്രഹനായ അയ്യപ്പന്റെ ശില്പം അനന്തപുരിയിലെത്തിയ പ്രധാനമന്ത്രിക്ക് സമർപ്പിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് നെടുമ്പ്രം കോച്ചാരിമുക്കം പുളിക്കീത്തറയിൽ പി.എം.വിഷ്ണു ആചാരി. തേക്കിൻ തടിയിൽ നിർമ്മിച്ച ശില്പമാണ് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രിക്ക് കൈമാറിയത്.
2.5 അടി ഉയരവും 15 കിലോ തൂക്കവുമുള്ള ശില്പം മൂന്നര ദിവസം കൊണ്ടാണ് വിഷ്ണു നിർമ്മിച്ചത്. ആറ് ദിവസം മുമ്പാണ് ശില്പം നിർമ്മിക്കാനുള്ള ഓർഡർ ലഭിച്ചത്. സധൈര്യം പ്രവൃത്തി പൂർത്തിയാക്കാൻ മൂന്നര ദിവസം വിഷ്ണു ഉറക്കമൊഴിഞ്ഞതോടെ അതിമനോഹരമായ ശില്പം പൂർത്തിയായി.
ചിത്രങ്ങൾ പോലും ലഭ്യമല്ലാത്ത മഹിഷീനിഗ്രഹം ഭാവനയിൽ നിന്നാണ് ശില്പിയായ ഈ 35കാരൻ കൊത്തിയെടുത്തത്. അച്ഛൻ മോഹനൻ ആചാരിയുടേതായിരുന്നു ആശയം. ക്ഷേത്ര ശില്പികളാണ് വിഷ്ണുവും അച്ഛൻ മോഹനനനും. തങ്ങളുടെ സൃഷ്ടിയിൽ പിറന്ന ശില്പം പ്രധാനമന്ത്രിയുടെ കൈകളിൽ എത്തിയതിന്റെ സന്തോഷത്തിലാണ് വിഷ്ണുവും കുടുംബവും. വിഷ്‌ണു നിരവധി ക്ഷേത്രങ്ങളും ശില്പങ്ങളും നിർമ്മിച്ചിട്ടുണ്ട്. സവിതയാണ് ഭാര്യ. മകൾ അരുന്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |